മാധ്യമങ്ങളോട് ആക്രോശിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. അടിയന്തരാവസ്ഥക്കാലത്ത് വാർത്ത നൽകണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പൊലീസായിരുന്നെന്നും കേരളത്തെ വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക് കൊണ്ടുപോകാനാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നും രാജീവ് ചോദിച്ചു. മാധ്യമങ്ങൾക്ക് എത്ര സമയം വേണമെങ്കിലും ചോദ്യങ്ങൾ ചോദിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ മാധ്യമങ്ങളോട് മോശം സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെയും രാജീവ് വിമർശിച്ചു. ചിപ്സൺ ഏവിയേഷൻ വഴി വിമാനം ലഭിച്ചതെങ്ങനെ എന്നതാണ് പ്രധാന ചോദ്യമെന്നും, സർക്കാരിന് ചെലവില്ലാത്തതിനാൽ ഏത് സ്പോൺസർഷിപ്പും സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഒരാൾ ഇത്തരം സൗകര്യം ഉപയോഗിക്കുന്നതിൽ നിയമപരമായ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്നും രാജീവ് ആരോപിച്ചു. വിമാനയാത്ര സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാലാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിപ്സൺ ഏവിയേഷനാണ് യാത്രയുടെ ചെലവ് വഹിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
സൗജന്യ യാത്ര വ്യക്തിക്ക് ലഭിക്കുന്നതല്ലെന്നും മുഖ്യമന്ത്രി എന്ന പദവിക്കാണ് ലഭിച്ചതെന്ന വാദവും അംഗീകരിക്കാനാകില്ലെന്ന് രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെ എന്തുകൊണ്ട് ഇത്തരത്തിൽ സൗജന്യ യാത്ര ആരും നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാരുടെ വിദേശയാത്രകൾ തെറ്റല്ലെങ്കിലും മുൻഗണനകൾ പരിശോധിക്കേണ്ടതുണ്ടെന്നും സംസ്ഥാനത്ത് മന്ത്രിമാർ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുതെന്നും രാജീവ് പറഞ്ഞു. ജനവിധി ലഭിച്ചതിന്റെ പേരിൽ എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്ന് സർക്കാർ കരുതരുതെന്നും അദ്ദേഹം വിമർശിച്ചു.








