ഗുവാഹത്തി: മദ്യപിച്ചെത്തിയ ഒരു യാത്രക്കാരൻ വിമാനത്തിന്റെ ഇടനാഴിയിൽ ഛർദ്ദിക്കുകയും ടോയ്ലറ്റിന് മുന്നിൽ മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തതായി റിപ്പോർട്ട്.ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിനുള്ളിൽ യാത്ര ചെയ്ത അഭിഭാഷകനായ ഭാസ്കർ ദേവ് കോൺവാർ ആണ് ചിത്രങ്ങൾ സഹിതം വിവരം ട്വിറ്ററിൽ പങ്കുവച്ചത്. സാഹചര്യം ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്തതതിന് ഇൻഡിഗോ ജീവനക്കാരേയും അദ്ദേഹം അഭിനന്ദനം അറിയിക്കുന്നുണ്ട്.
” മദ്യപിച്ച് ലക്കില്ലാതെ എത്തിയ യാത്രക്കാരൻ വിമാനത്തിന്റെ ഇടനാഴിയിൽ ഛർദ്ദിക്കുകയും, ടോയ്ലറ്റിന് ചുറ്റും മലമൂത്ര വിസർജനം നടത്തുകയും ചെയ്തു. വിമാനത്തിലെ ക്രൂ എല്ലാ അവശിഷ്ടങ്ങളും കഴുകി വൃത്തിയാക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ പെൺകുട്ടികളും ഈ സാഹചര്യത്തെ അസാധാരണമായ രീതിയിൽ കൈകാര്യം ചെയ്തു. സല്യൂട്ട് ഗേൾ പവർ” എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
കോൺവാർ പങ്കുവച്ച ചിത്രത്തിൽ വിമാനത്തിലെ ക്രൂ അംഗം കയ്യുറകളും മാസ്കും ധരിച്ച് സ്പ്രേയും ടിഷ്യു പേപ്പറും ഉപയോഗിച്ച് യാത്രക്കാരൻ ഛർദ്ദിച്ച സ്ഥലം വൃത്തിയാക്കുന്നതായി കാണാം. അവിടം വൃത്തിയാക്കാൻ ക്രൂ അംഗങ്ങൾക്ക് വളരെ അധികം കഷ്ടപ്പെടേണ്ടി വന്നെന്നും, അവരോടുള്ള ബഹുമാനാർത്ഥം താൻ കൂടുതൽ ചിത്രങ്ങൾ എടുത്തില്ലെന്നും അദ്ദേഹം കുറിച്ചു. മറ്റൊരു യാത്രക്കാരനും ഇക്കാര്യം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിനുള്ളിൽ മദ്യപിച്ച് കയറാനാകുന്നത് എങ്ങനെയാണെന്നും, ക്രൂ അംഗങ്ങൾ മികച്ച രീതിയിലാണ് പരിസരം വൃത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post