ന്യൂഡൽഹി: ജമ്മു കശ്മിരിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചിനാബ് പാലത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് റെയിൽവേ മന്ത്രാലയം. നിർമാണം ആരംഭിക്കുന്ന കാലത്തെ ചിത്രവും പാലത്തിന്റെ ഏറ്റവും പുതിയ ചിത്രവുമാണ് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 2024ൽ നിർമാണം പൂർത്തീകരിക്കപ്പെടുന്ന പാലത്തിന് 120 വർഷത്തെ ആയുസാണ് കണക്കുകൂട്ടപ്പെടുന്നത്.
ഘട്ടം ഘട്ടമായി ചിനാബ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ദശാബ്ദങ്ങളുടെ വികസന വരൾച്ചയ്ക്ക് അന്ത്യം കുറിച്ചാണ് ഈ നിർമ്മിതി തലയുയർത്തി നിൽക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഉധംപൂർ- ശ്രീനഗർ- ബരാമുള്ള റെയിൽ ലിങ്ക് പദ്ധതിയോട് അനുബന്ധിച്ചാണ് ചിനാബ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമായ ചിനാബിന്റെ പണി പുരോഗമിക്കുന്നത്.
പർവത മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം, മേഖലയുടെ സാമ്പത്തിക പുരോഗതിയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ചിനാബ്. 2003ലാണ് പദ്ധതി നിർദേശിക്കപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി നിരവധി തുരങ്കങ്ങളും ചെറുപാലങ്ങളുമുണ്ട്. ബോംബ് സ്ഫോടനങ്ങളും തീവ്രവാദി ആക്രമണങ്ങളും ഏറെക്കുറെ ഒതുങ്ങിയ സാഹചര്യത്തിലും, ഭീകരാക്രമണ ഭീഷണികളെ തരണം ചെയ്താണ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.
359 മീറ്ററാണ് പാലത്തിന്റെ ഉയരം. ഇത് ഈഫൽ ഗോപുരത്തേക്കാൾ കൂടുതലാണ്. നിലവിൽ ചൈനയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം സ്ഥിതി ചെയ്യുന്നത്. ഗയ്ഷൂ പ്രവിശ്യയിലെ ബെപാൻജിയാംഗ് നദിക്ക് കുറുകെയാണ് ഇത്. 275 മീറ്ററാണ് ഇതിന്റെ ഉയരം.
28,000 കോടി രൂപയാണ് ചിനാബ് പാലത്തിന്റെ നിർമാണ ചിലവ്. 1,315 മീറ്ററാണ് നീളം. 17 തൂണുകളുള്ള ഈ പാലത്തിന്റെ നിർമാണത്തിന് വേണ്ടത് 28,660 മെട്രിക് ടൺ ഉരുക്കാണ്. 266 കിലോമീറ്റർ വേഗത്തിൽ വരെ വീശിയടിക്കുന്ന കാറ്റിനെ പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ട്.
Discussion about this post