തിരുവനന്തപുരം: മെയ് 5ന് റിലീസ് ആകാനിരിക്കുന്ന ബഹുഭാഷാ ചിത്രം ദ് കേരള സ്റ്റോറിക്കെതിരെ കേരളത്തിൽ കോൺഗ്രസും ഡി വൈ എഫ് ഐയും ഒന്നിക്കുന്നു. ദ് കേരള സ്റ്റോറി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ഡി വൈ എഫ് ഐക്ക് പിന്നാലെ ദ് കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നു. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. പിന്നിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പ്രദർശനാനുമതി നൽകരുതെന്നുമാണ് സതീശന്റെ ആവശ്യം.
ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും സതീശൻ ആരോപിക്കുന്നു.
മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം. മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ടെന്നും സതീശൻ പറയുന്നു.
കേരളത്തിൽ നിന്നും ഇസ്ലാമിലേക്ക് മതം മാറിയ ശേഷം ഇറാഖിലും സിറിയയിലും എത്തി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ പെൺകുട്ടികളുടെ കഥയാണ് കേരള സ്റ്റോറി പറയുന്നത് എന്ന് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും വ്യക്തമായിരുന്നു. കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റുന്നതിന് വേണ്ടി മതമൗലികവാദികൾ മുപ്പത്തിരണ്ടായിരം ഹിന്ദു- ക്രിസ്ത്യൻ യുവതീ യുവാക്കളെ ഇസ്ലാമിലേക്ക് മതം മാറ്റിയതായി സംവിധായകൻ സുദീപ്തോ സെൻ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിമാരായ എ കെ ആന്റണിയുടെയും വി എസ് അച്ചുതാനന്ദന്റെയും പ്രസ്താവനകളും സംവിധായകൻ അഭിമുഖങ്ങളിൽ ഉദ്ധരിച്ചിരുന്നു.
Leave a Comment