ന്യൂഡൽഹി : ബിജെപിയുടെ പുതിയ ദേശീയ പ്രസിഡണ്ടിനുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം. താഴെത്തട്ടിലും ഹൈക്കമാൻഡിലും ഇടപഴകാൻ കഴിയുന്ന, എല്ലാ സംഘടനകളുടെയും പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന ഒരു നേതാവിനെയാണ് സംഘം ആഗ്രഹിക്കുന്നത്. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്നതും എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്നതും താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ച് ഉയർന്നുവന്ന സംഘാടകനും ആയിരിക്കണം ബിജെപിയുടെ പുതിയ ദേശീയ പ്രസിഡണ്ട് എന്നാണ് ആർഎസ്എസ് നൽകിയിട്ടുള്ള മാർഗനിർദേശം.
ദേശീയ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനുശേഷം, ഡൽഹി, ഉത്തർപ്രദേശ് എന്നീ രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ സംസ്ഥാന പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയും ബിജെപി ആരംഭിക്കും. ഡൽഹിയിൽ, സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തിൽ 27 വർഷത്തിനുശേഷം ബിജെപി അധികാരത്തിൽ തിരിച്ചെത്തി. സച്ച്ദേവയ്ക്ക് രണ്ടാം തവണയും അധികാരം നൽകുമോ അതോ പാർട്ടി ഡൽഹി യൂണിറ്റിന്റെ നേതൃത്വത്തിലേക്ക് പുതിയ മുഖം വരുമോ എന്നുള്ള കാര്യത്തിൽ വ്യക്തത ആയിട്ടില്ല.
ഉത്തർപ്രദേശിലും നേതൃമാറ്റം പ്രതീക്ഷിക്കുന്നുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള ജാട്ട് നേതാവും നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റുമായ ഭൂപേന്ദ്ര സിംഗ് ചൗധരിയുടെ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നിരുന്നാലും, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകി. മറ്റു മിക്ക സംസ്ഥാനങ്ങളിലും ബിജെപിയുടെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി.
Discussion about this post