ശ്രദ്ധ വാൽക്കറിന്റെ കൊലപാതകം; അഫ്താബിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി; കേസ് ജൂൺ ഒന്നിന് പരിഗണിക്കും

Published by
Brave India Desk

ന്യൂഡൽഹി: ശ്രദ്ധ വാൽക്കറിന്റെ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനവാലയ്‌ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടതെന്ന് ഡൽഹി സാകേത് കോടതി. ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകളാണ് അഫ്താബിനെതിരെ ചുമത്തിയതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി മനീഷ ഖുറാന കക്കറാണ് വ്യക്തമാക്കിയത്.

ജനുവരി 24നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കുറ്റക്കാരനാണെന്ന് അഫ്താബ് കോടതിയിൽ സമ്മതിച്ചിരുന്നു. ജൂൺ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. ശ്രദ്ധയുടെ കൊലപാതകം നടത്തിയതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾ പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അഫ്താബ് ചെയ്ത കാര്യങ്ങളും മൃതദേഹം ഒളിപ്പിക്കാൻ നടത്തിയ പദ്ധതികളെ കുറിച്ചും കുറ്റപത്രത്തിൽ വിശദമായി പറയുന്നു.

2022 മെയ് 18 വൈകുന്നേരത്തോടെയാണ് ശ്രദ്ധ കൊല്ലപ്പെടുന്നത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ഓരോന്നായി വെട്ടിമാറ്റുകയായിരുന്നു. ശരീരം മുറിക്കാനാവശ്യമായ ബ്ലേഡുകളും കത്തികളുമാണ് ആദ്യം വാങ്ങിയത്. ശേഷം ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ ഫ്രിഡ്ജ് വാങ്ങി. ശ്രദ്ധയുടെ മൃതദേഹം കുളിമുറിയിലേക്ക് മാറ്റിയ ശേഷം 17 കഷണങ്ങളാക്കിയാണ് അഫ്താബ് മുറിച്ചത്. കയ്യും കൈത്തണ്ടയുമാണ് ആദ്യം മുറിച്ച് മാറ്റിയത്. ഓരോ ദിവസങ്ങളായിട്ടാണ് ശരീര ഭാഗങ്ങൾ ഓരോ ഇടത്തായി കൊണ്ടിട്ടത്.

അക്രമസ്വഭാവം കാണിച്ചിരുന്ന അഫ്താബ് പലപ്പോഴും നിസാരകാര്യങ്ങൾക്ക് വരെ ശ്രദ്ധയെ ക്രൂരമായി മർദ്ദിക്കുമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. തനിക്ക് മറ്റ് പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് ശ്രദ്ധയ്ക്ക് അറിയാമായിരുന്നുവെന്ന് അഫ്താബ് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ഇത് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾക്ക് കാരണമായി. താൻ അവളെ ചതിക്കുകയാണെന്ന് അവൾക്ക് അറിയാമായിരുന്നു. എന്നാൽ ഒരുമിച്ച് ഇരുന്ന് മദ്യപിക്കുമ്പോൾ പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കുകയാണ് പതിവ്. എന്നാൽ പിന്നീട് ശല്ല്യമാണെന്ന് തോന്നിയതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിക്കുന്നതെന്നും അഫ്താബ് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.

 

 

Share
Leave a Comment

Recent News