ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ നാലാം ദിവസമായ ഞായറാഴ്ച ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. കളിക്കാർക്കും പ്ലെയർ സപ്പോർട്ട് പേഴ്‌സണലിനുമായുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 സിറാജ് ലംഘിച്ചതായി കണ്ടെത്തി, ഇത് “ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു ബാറ്റ്‌സ്മാൻ പുറത്താകുമ്പോൾ അവനെ/അവളെ അപമാനിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഭാഷ, പ്രവൃത്തികൾ അല്ലെങ്കിൽ ആംഗ്യങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ്”.
ഇതിനുപുറമെ, സിറാജിന്റെ അച്ചടക്ക രേഖയിൽ ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ചേർത്തിട്ടുണ്ട്, 24 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് സിറാജിന് ഡി- മെറിറ്റ് പോയിന്റ് കിട്ടുന്നത്. 2024 ഡിസംബർ 7 ന് അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് സിറാജിന് നേരത്തെ ഡീമെറിറ്റ് പോയിന്റ് ലഭിച്ചത്.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ആറാം ഓവറിലാണ് സംഭവം നടന്നത്. ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷം സിറാജ് ബാറ്റ്‌സ്മാനു സമീപം അമിതമായി ആഘോഷിച്ചു. സിറാജ് ഓടിയെത്തി ബാറ്റ്സ്മാന്റെ മുഖത്തിന് അടുത്തെത്തിയാണ് ആഘോഷം നടത്തിയത്. കൂടാതെ താരത്തിന്റെ തോളിൽ മനഃപൂർവം തട്ടുകയും ചെയ്തു.
സിറാജ് കുറ്റം സമ്മതിക്കുകയും എമിറേറ്റ്സ് ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സൺ നിർദ്ദേശിച്ച ശിക്ഷ സ്വീകരിക്കുകയും ചെയ്തു.
Discussion about this post