ബാംഗ്ലൂർ; ഇന്ത്യൻ വനിത ഹോക്കി ടീം ഓസ്‌ട്രേലിയൻ പര്യടനത്തിനായി പുറപ്പെട്ടു. ബാംഗ്ലൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് അഡ്‌ലെയ്ഡിലേക്ക് തിരിച്ചത്. ഗോൾ കീപ്പർ സവിതയും വൈസ് ക്യാപ്റ്റൻ ദീപ് ഗ്രേസ് എക്കയും നയിക്കുന്ന ടീമാണ് അഞ്ച് മത്സര പരമ്പരക്കായി പുറപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മെയ്റ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരം വരാനിരിക്കുന്ന ഹാങ്‌സോ ഏഷ്യൻ ഗെയിംസിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ആരോഗ്യപരമായ മത്സരമാണ് നടക്കുന്നതെന്നും അത് ആസ്വദിക്കുന്നുണ്ടെന്നും ഗോൾ കീപ്പർ സവിത പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സിൽ തങ്ങൾ അവരെ തോൽപ്പിക്കുകയും ബർമ്മിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ അവർ തങ്ങളെ തോൽപ്പിക്കുകയും ചെയ്‌തെന്നും അവരോടൊപ്പമുള്ള മത്സരം മികച്ച അനുഭവമാണെന്നും അവർ പറഞ്ഞു.
സവിതയുടെ ക്യാപ്റ്റൻസിയിൽ മത്സരിച്ച ഇന്ത്യൻ ടീം ബർമ്മിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടുകയും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ കിരീടം നേടുകയും ചെയ്തിരുന്നു. ഇത്തവണ ഹാങ്‌സോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടാനും പാരിസ് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനുമാണ് ടീം ലക്ഷ്യമിടുന്നത്.
Discussion about this post