ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അമൃത്സറിൽ വീണ്ടും ഡ്രോൺ എത്തിയത്. ഇത് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി.
രാത്രി അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ് സംഘം. ഇതിനിടെയാണ് അതിർത്തി കടന്ന് എത്തിയ ഡ്രോൺ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. മൂളൽ ശബ്ദം കേട്ടതോടെ ഉദ്യോഗസ്ഥർ ആ ഭാഗത്ത് നിരീക്ഷണം നടത്തുകയായിരുന്നു. ഇതോടെ ആകാശത്തുകൂടി എന്തോ വേഗത്തിൽ നീങ്ങുന്നതായി കണ്ടു. ഡ്രോൺ ആണെന്ന് വ്യക്തമായതോടെ ബിഎസ്എഫ് ഇത് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഈ മാസം ഇത് ആറാം തവണയാണ് പഞ്ചാബിൽ അതിർത്തികടന്ന് ഡ്രോൺ എത്തിയത്. കഴിഞ്ഞ ദിവസം ഹെറോയിനുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭവം ഉണ്ടാകുന്നത്. ലഹരിയോ ആയുധമോ കടത്താൻ ശ്രമിച്ച ഡ്രോൺ ആണ് വെടിവച്ച് വീഴ്ത്തിയത് എന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി ആരംഭിച്ച തിരച്ചിൽ പുരോഗമിക്കുകയാണ്.
Discussion about this post