മുംബൈ: ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിന് വേണ്ടി നടൻ രൺദീപ് ഹൂഡ 26 കിലോയോളം ഭാരം കുറച്ചെന്ന് സിനിമയുടെ നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റ്. നാല് മാസത്തോളം രൺദീപ് കൃത്യമായ ഡയറ്റ് പിന്തുടർന്നു. ദിവസം ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രമാണ് കഴിച്ചിരുന്നതെന്നും ആനന്ദ് പറയുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോള്‍ 86 കിലോ ആയിരുന്നു രൺദീപിന്റെ അവിടെ നിന്നാണ് 26 കിലോ കുറച്ച് 60 കിലോയിൽ എത്തിയതെന്നും ആനന്ദ് വ്യക്തമാക്കി.
കഥാപാത്രങ്ങൾക്ക് വേണ്ടി നേരത്തെയും രൺദീപ് ശരീരഭാരം കുറച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഹൈവേ, സരബ്ജിത് തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി രൺദീപ് ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 28 ദിവസം കൊണ്ട് 18 കിലോ ഭാരമാണ് സരബ്ജിത് എന്ന ചിത്രത്തിന് വേണ്ടി രൺദീപ് കുറച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് സവർക്കറുടേതെന്നും, അങ്ങനെയൊരു വീരപുരുഷനെ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രൺദീപ് പറയുന്നു.
Discussion about this post