ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തിൽ വിപുലമായ പരിപാടികളാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിമാരും, ബിജെപിയുടെ ഉന്നത നേതാക്കളും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കും യോഗാ സെഷൻ നയിക്കുന്നത്. “നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ, മനസ്സിന്റെയും ശരീരത്തിന്റെയും ചിന്തയുടെയും പ്രവർത്തനത്തിന്റെയും ഐക്യമാണ് യോഗ. നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വിലപ്പെട്ട ഒരു സമഗ്രമായ സമീപനം. യോഗ എന്നത് വ്യായാമം മാത്രമല്ല. നിങ്ങളുമായും ലോകവുമായും പ്രകൃതിയുമായും ഏകത്വബോധം കണ്ടെത്താനുള്ള ഒരു മാർഗമാണിത്, പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിലെ യോഗദിനാചരണത്തിൽ പങ്കെടുക്കും. ജൂൺ രണ്ടിന് ബാലാസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് അശ്വിനി വൈഷണവ് ദിവസങ്ങളോളം സ്ഥലത്തുണ്ടായിരുന്നു. യോഗാ ദിനത്തോടനുബന്ധിച്ച് അശ്വിനി വൈഷ്ണവ് വീണ്ടും ഒഡീഷയിലെ ബാലസോർ സന്ദർശിക്കും. സംസ്ഥാനത്തിൻറെ ഔദ്യോഗിക യോഗ പരിപാടിയിലും കേന്ദ്രമന്ത്രി പങ്കെടുക്കും. ദുരന്തസമയത്ത് അപകടത്തിൽ പരിക്ക് പറ്റിയവരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും നിർണായക പങ്ക് വഹിച്ച ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ്, എന്നിവരെ മന്ത്രി നേരിട്ട് കണ്ടി നന്ദി അറിയിക്കും.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യോഗ ചെയ്യും. ഡൽഹിയിലെ എയിംസിൽ നിന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗ ദിനാചരണത്തിന് നേതൃത്വം നൽകും. കേന്ദ്ര ടൂറിസം മന്ത്രാലയം ഗോവയിലെ രാജ്ഭവനിൽ യോഗാ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്, ജി20 മന്ത്രിമാരും പ്രതിനിധികളും അവിടെ യോഗ സെഷനിൽ പങ്കെടുക്കും. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് മധ്യപ്രദേശിലെ ജബൽപൂരിലെ ഗാരിസൺ ഗ്രൗണ്ടിൽ 80 രാജ്യങ്ങളിലെ യോഗദിനാചരണം തത്സമയം സംപ്രേഷണം ചെയ്യും.
‘വാസുദൈവ കുടുംബകം കേ ലിയേ യോഗ്’ (ലോകം ഒരു കുടുംബം എന്ന സങ്കലപത്തിനായി യോഗ) എന്നതാണ് ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയമെന്ന് ജബൽപൂർ കളക്ടർ സൗരഭ് സുമൻ പറഞ്ഞു. യോഗയുടെ നിരവധി ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് അന്താരാഷ്ട്ര യോഗ ദിനം ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നതിനുള്ള കരട് പ്രമേയം ഇന്ത്യ നിർദ്ദേശിക്കുകയും 175 അംഗരാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഇതിൻറെ ഭാഗമായി കഴിഞ്ഞ എട്ടുവർഷമായി ലോകം മുഴുവനും ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ചുവരികയാണ്.








