ന്യൂഡൽഹി : ലഷ്കർ ഇ ത്വായ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യകണ്ണിയുമായ സാജിദ് മിറിനെ കരിമ്പട്ടികയിൽ പെടുത്തുന്നതിനെതിരെ ചൈന രംഗത്ത്. സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയും യുഎസും ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശമാണ് ചൈന തടഞ്ഞത്.
യുഎൻ രക്ഷാസമിതിയുടെ 1267 ലെ അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിൽ സാജിദ് മിറിനെ കരിമ്പട്ടികയിൽ പെടുത്താനും അയാളുടെ സ്വത്തുക്കൾ മരവിപ്പിക്കാനും, യാത്രാ നിരോധനം ഏർപ്പെടുത്താനും, ആയുധ പിടിച്ചുവെയ്ക്കാനുമാണ് യുഎസും ഇന്ത്യയും ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, മിറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം ചൈന താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ നിർദ്ദേശം ചൈന പൂർണമായും തടഞ്ഞത്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന ഭീകരനേതാവാണ് സാജിദ് മിർ. ഇയാളുടെ തലയ്ക്ക് അമേരിക്ക 5 മില്യൺ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിൽ പാക് കോടതി ഇയാളെ 15 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
മിർ കൊല്ലപ്പെട്ടുവെന്ന് പാകിസ്താൻ അധികൃതർ ഒരിക്കൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഇതിന്റെ തെളിവ് ചോദിച്ചതോടെ പാകിസ്താൻ പ്രതിസന്ധിയിലായി.
പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്കർ ഇ ത്വായ്ബയുടെ മുതിർന്ന നേതാവാണ് സാജിദ് മിർ. 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പാക് സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മിറിന് യുഎന്നിൽ ചൈന നൽകിയ പിന്തുണ ഭീകരതയെ ചൈന പിന്തുണയ്ക്കുന്നു എന്നതിന് തെളിവ് കൂടിയാണ്.
Discussion about this post