മുംബൈ: ലൈംഗിക തൊഴിലാളികളുടെ മക്കൾക്ക് നൽകേണ്ട മാന്യതയുടെയും സമത്വത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. വിവാഹേതര ബന്ധങ്ങളിൽ ജനിച്ച കുട്ടികളെ അവിഹിത സന്തതികൾ എന്ന് അഭിസംബോധന ചെയ്യാൻ പാടില്ലെന്നും അവർ പറഞ്ഞു. ലൈംഗിക തൊഴിലാളികളും അവരുടെ കുട്ടികളും നേരിടുന്ന നിയമ, ആരോഗ്യ, തൊഴിൽ, വിദ്യാഭ്യാസ വെല്ലുവിളികളെ സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ലൈംഗിക തൊഴിലാളികളുടെ സമത്വത്തിനും അവർക്ക് തുല്യാവകാശം ഉറപ്പുവരുത്താനുമുള്ള നിലവിലെ നിയമങ്ങളെക്കുറിച്ചും നിയമ സേവനങ്ങളിലേക്കുള്ള വഴികളെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. ലൈംഗിക തൊഴിലാളികളുടെയും അവരുടെ കുട്ടികളുടെയും ഹൃദയഭേദകവും ചിന്തിപ്പിക്കുന്നതുമായ ജീവിത കഥ വെളിച്ചത്തെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു സെമിനാർ. അവരുടെ ജീവിതം മെച്ചപ്പെടുത്താനും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുമുള്ള എല്ലാ സഹായവും വനിതാ കമ്മീഷൻ വാഗ്ദാനം ചെയ്തു.
വനിതാ ശിശു വികസന വിഭാഗം സെക്രട്ടറി അനുപ് കുമാർ യാദവ്, ദീപക് പാണ്ഡെ ഐപിഎസ് എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.
പിഎആർഐ (പീപിൾ അഗൈൻസ്റ്റ് റെയ്പ് ഇൻ ഇന്ത്യ), വിഎഎംപി, ക്രാന്തി, പിആർഇആർഎൻഎ, ആസ്ത പരിവാർ തുടങ്ങിയ എൻജിഒകളും സെമിനാറിൽ പങ്കെടുത്തു. എച്ച്ഐവി പോസിറ്റീവായ ലൈംഗിക തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളിലേക്കും അവരുടെ കുട്ടികളുടെ ഭാവിയിലേക്കും വെളിച്ചം വീശാൻ സെമിനാറിന് സാധിച്ചു. ഇതിനുവേണ്ടി മുൻകൈയെടുത്ത ദേശീയ വനിതാ കമ്മീഷനെ മഹാരാഷ്ട്ര വനിതാ ശിശു വികസന വിഭാഗം മന്ത്രി മംഗൾ പ്രഭാത് ലോധ അഭിനന്ദിച്ചു.
ടൂറിസം, നൈപുണ്യ വികസനം എന്നീ മന്ത്രാലയങ്ങൾക്ക് ഈ സ്ത്രീകളെ രക്ഷിക്കാനും മാറ്റിപ്പാർപ്പിക്കാനും അവരുടെ ഭാവിയിലേക്ക് പ്രത്യാശയുടെ വെളിച്ചം നൽകാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. അർത്ഥവത്തായ ചർച്ചയ്ക്കും ലൈംഗിക തൊഴിലാളികളും അവരുടെ കുട്ടികളും അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും ഈ ചർച്ചയ്ക്ക് സാധിച്ചു.
Discussion about this post