ഇസ്ലാമാബാദ്: രാജ്യം വലിയ സാമ്പത്തിക ബാധ്യത നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലും പുതിയൊരു ആണവ നിലയം കൂടി നിർമ്മിക്കാൻ ഒരുങ്ങുകയാണ് പാകിസ്താൻ. രാജ്യത്തെ ഏറ്റവും പുതിയ ആണവനിലയ പദ്ധതി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. 3.5 ബില്യൺ ഡോളർ ചിലവിട്ടു കൊണ്ടാണ് ഈ ആണവനിലയം നിർമ്മിക്കുന്നത്. ചഷ്മ 5 എന്ന ഈ ആണവ നിലയം ചൈനയാണ് രൂപകല്പന ചെയ്ത് നിർമ്മിക്കുന്നത്.
3.5 ബില്യൺ ഡോളറിന്റെ കരാറിലാണ് പാകിസ്താൻ പ്രധാനമന്ത്രിയും ചൈനയും ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം പഞ്ചാബിലെ മാൻവാലി ജില്ലയിലെ ചഷ്മയിൽ ചൈന ചഷ്മ 5 ആണവനിലയം നിർമ്മിക്കും. ചൈനയും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ സവിശേഷമായ അടയാളമാണ് ഈ കരാർ എന്ന് കരാറിൽ ഒപ്പ് വയ്ക്കുമ്പോൾ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
“ചഷ്മ 5 ആണവോർജപദ്ധതി ഒരു വലിയ നാഴികക്കല്ലാണ്. ഒപ്പം പാകിസ്താന്റെ ഒരു വലിയ വിജയഗാഥയും. രണ്ട് മികച്ച സുഹൃത്തുക്കൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകവുമാണ് ഇത് ” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അടുത്ത ഏഴോ എട്ടോ വർഷത്തിനുള്ളിൽ ഈ പുതിയ പവർ പ്ലാന്റ് നിർമ്മാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായാൽ പാകിസ്താനിലെ വ്യവസായങ്ങൾക്ക് കാര്യക്ഷമമായി ഊർജ്ജം ലഭിക്കുമെന്നും കാർഷിക, വ്യാവസായിക മേഖലകളെ ഈ പവർ പ്ലാന്റ് സഹായിക്കുമെന്നും പാകിസ്താൻ പ്രധാനമന്ത്രി അറിയിച്ചു.
ചൈനയും പാകിസ്താനും തമ്മിലുള്ള സൗഹൃദവും സഹകരണവും മറ്റു രാജ്യങ്ങൾക്ക് കൂടി മാതൃകയാക്കാവുന്നതാണ് എന്നും പാകിസ്താൻ പ്രധാനമന്ത്രി പ്രസ്താവിച്ചു. ശുദ്ധവും കാര്യക്ഷമവും വില കുറഞ്ഞതുമായ ഊർജ്ജം ലഭിക്കാനുള്ള നടപടിയായാണ് പാകിസ്താൻ ഈ പുതിയ ആണവ നിലയത്തെ കണക്കാക്കുന്നത്. നിലവിൽ നാല് പ്രവർത്തനക്ഷമമായ ആണവ നിലയങ്ങളാണ് പാകിസ്താനിൽ ഉള്ളത്.
Discussion about this post