ന്യൂഡൽഹി : പ്രളയത്തിൽ ഒഴുകിപ്പോയ മദ്ധ്യവയസ്‌കൻ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂർ സ്വദേശിയായ 50 കാരനാണ് പാകിസ്താനിലേക്ക് ഒഴുകിയെത്തിയത്.
സത്‌ലജ് നദിയിൽ വെള്ളം പൊങ്ങിയതോടെ ഇയാൾ അതിൽ അകപ്പെടുകയായിരുന്നു. പാക് പഞ്ചാബിലെ കസൂർ ജില്ലയിലെ ഗാണ്ട സിംഗ് വാല ഗ്രാമത്തിൽ വിന്യസിച്ച പാകിസ്താൻ റേഞ്ചർമാരാണ് മദ്ധ്യവയസ്‌കൻ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നത് കണ്ടെത്തിയത്. തുടർന്ന് ഇയാളെ വലിച്ച് കരയ്ക്കടിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈയ്യിൽ ഓം എന്നെഴുതിയ ടാറ്റൂ കണ്ടെത്തിയതോടെ റേഞ്ചർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പാകിസ്താനിലെത്തിയ ഇന്ത്യക്കാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിശദമായ അന്വേഷണത്തിനായി രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറി.
ഇയാൾ ബധിരനാണെന്നാണ് ലഭിക്കുന്ന വിവരം. ആംഗ്യഭാഷയിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. താൻ ഹിന്ദുവാണെന്നും പ്രളയത്തിൽ അകപ്പെട്ടാണ് അവിടെ എത്തിയത് എന്നും ഇയാൾ പാക് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. വലതു കൈയിൽ ഓം എന്ന് ടാറ്റൂ ചെയ്തിട്ടിണ്ട്. മദ്ധ്യവയസ്‌കനെ സന്നദ്ധ സംഘടനയായ ഇഥി ഫൗണ്ടേഷന് കൈമാറിയെന്നാണ് വിവരം.
Discussion about this post