കൊച്ചി: രജനികാന്തിന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തി ‘ജയിലർ’. ജൈത്രയാത്ര തുടരുകയാണ്. ഭാഷാഭേദമന്യേയുള്ള താരങ്ങളും രജനികാന്ത് ചിത്രത്തിൽ ഒന്നിച്ച് എത്തിയതിനാൽ തെന്നിന്ത്യയാകെ ആവേശത്തിലാണ്. തമിഴ്നാട്ടിൽ ആദ്യ ദിനം 29.46 കോടി രൂപ കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനത്തിൽ 20.25 കോടി രൂപയാണ് നേടിയത്.
ചിത്രത്തിൽ മോഹൻലാലിന്റെയും വിനായകന്റെയും അഭിനയവും ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ജയിലർ സിനിമയിലെ വിനായകന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും ഇത് വിനായകന്റെ സിനിമ ആണെന്നും ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വർമൻ എന്ന ക്രൂരനായ മോഷ്ടാവായാണ് വിനായകൻ ചിത്രത്തിലെത്തുന്നത്.
അതേസമയം മാത്യൂസ് എന്ന കാമിയോ വേഷത്തിലാണ് മോഹൻലാൽ സിനിമയിലെത്തുന്നത്. കഥാപാത്രത്തിന് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. വളരെ കുറച്ച് രംഗങ്ങളിൽ മാത്രമേ മോഹൻലാൽ പ്രത്യക്ഷപെടുന്നുള്ളൂ. എന്നാൽ ആ രംഗങ്ങൾ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.
മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. രജനിക്കൊപ്പം ശിവരാജ്കുമാർ, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, തമന്ന, യോഗി ബാബു, എന്നിവരടക്കമുള്ള വലിയ താരനിരയാണ് നെൽസൺ ദിലീപ്കുമാർ ചിത്രത്തിന്റെ ഭാഗമാകുന്നത്.
Discussion about this post