തിരുവനന്തപുരം: 20ാംമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം മലയാള ചിത്രം ഒറ്റാലിന്. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരവും നാറ്റ്പാക്ക് ഫിപ്രസി പുരസ്കാരങ്ങളും ജയരാജ് സംവിധാനം ചെയ്ത ഒറ്റാല് സ്വന്തമാക്കി. ഇതാദ്യമായാണ് മലയാള സിനിമയ്ക്ക് സുവര്‍ണ ചകോരം ലഭിക്കുന്നത്.
ചിത്രത്തിലെ രണ്ട് നടന്മാരും പ്രത്യേക പുരസ്കാരത്തിന് അര്‍ഹരായി. കുട്ടനാട്ടിലെ താറാവ് കൃഷിയുടെ പശ്ചാത്തലത്തില്‍ വല്യപ്പച്ചായി എന്ന താറാവ് കര്‍ഷകന്റെയും അയാളുടെ പേരക്കുട്ടിയുടെയും കഥ പറഞ്ഞ ചിത്രമാണ് ഒറ്റാല്.
ഫിലിപ്പീന്‍സ് ചിത്രം ‘ഷാഡോ ബിഹൈന്‍ഡ് ദി മൂണി’ന്രെ സംവിധായകന് ജൂണ്‍ റോബിള്‍സ് ലാനയാണ് മികച്ച സംവിധായകന്. ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച ‘ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍’ ഫിലിപ്പീന്‍സിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും സായുധവിപ്ലവവും പട്ടാളനടപടിയും വരുത്തിവച്ച അരക്ഷിതാവസ്ഥയുടെ കഥയാണ് വിവരിച്ചത്.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ബംഗ്ലാദേശ് ചിത്രമായ ‘ജലാല്‍സ് സ്റ്റോറി’യുടെ സംവിധായകന് അബു ഷാഹേദ് ഇമോനാണ്. ബംഗ്ലാദേശി ജീവിതത്തിന്റെ മതപരവും സാമൂഹ്യവും രാഷ്ട്രീയപരവുമായ കാപട്യങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ് ‘ജലാല്‍സ് സ്റ്റോറി’. പിറന്നു വീണതുമുതല്‍ നദിയില്‍ ഒഴുകി നടന്ന ജലാലിന്റെ സംഭവ ബഹുലമായ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മികച്ച മലയാള ചിത്രമായി സനല്‍ കുമാര്‍ ശശിധരന് ഒരുക്കിയ ‘ഒഴിവ് ദിവസത്തെ കളി’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നാറ്റ്പാക് പുരസ്കാരം ഇസ്രായേലി ചിത്രം ‘യോന’യ്ക്ക് ലഭിച്ചു.
ഇക്കൊല്ലത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ഐ.എഫ്.എഫ്.കെ അവാര്‍ഡ് പ്രശസ്ത ഇറാനിയന്‍ സംവിധായകന് ദാരിയുഷ് മെഹര്‍ജുയിക്ക് സമ്മാനിച്ചു. മേളയുടെ സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവമാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
Discussion about this post