ന്യൂഡൽഹി: മൂന്ന് ഇന്ത്യൻ വുഷു കായിക താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ വീസ നിഷേധിച്ച സംഭവത്തിൽ ചൈനയെ സമ്മർദ്ദത്തിലാക്കി കേന്ദ്രസർക്കാർ. തീരുമാനത്തിന് പിന്നാലെ ചൈനയിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കിയതായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിട്ടാണ് അനുരാഗ് ഠാക്കൂർ ചൈന സന്ദർശിക്കാനിരുന്നത്. ഹാങ്ഷൂവിൽ നടക്കുന്ന 19 ാമത് ഏഷ്യൻ ഗെയിംസിലേക്കാണ് അരുണാചൽ പ്രദേശിൽ നിന്നുളള കായിക താരങ്ങൾക്ക് ചൈന അനുമതി നിഷേധിച്ചത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപ്രദേശം കണക്കിലെടുത്തുളള വേർതിരിവ് ഇന്ത്യ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഏഷ്യൻ ഗെയിംസിന്റെ ആവേശത്തെ തന്നെ ഇല്ലാതാക്കുന്നതാണ് ചൈനയുടെ നടപടിയെന്നും ബാഗ്ചി വിമർശിച്ചു.
അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അങ്ങനെ തന്നെ നിലനിൽക്കുമെന്നും അരിന്ദം ബാഗ്ചി ആവർത്തിച്ചു. നീമാൻ വാങ്സു, ഒനിലു ടേഗ, മീപംഗ് ലാംഗു എന്നിവർക്കാണ് ചൈന വീസ നിഷേധിച്ചത്. മൂവരും ഹാങ്ഷൂ ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയുടെ അക്രെഡിറ്റേഷൻ കാർഡ് ലഭിച്ച താരങ്ങളാണ്. ഏഷ്യൻ ഗെയിംസിനായി യാത്രാ രേഖകൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കവേയാണ് അനുമതി നിഷേധിക്കപ്പെട്ട കാര്യം താരങ്ങൾ മനസിലാക്കുന്നത്.
അക്രെഡിറ്റേഷൻ കാർഡ് ലഭിച്ചാൽ ടൂർണമെന്റിൽ പങ്കെടുക്കാനുളള രേഖകൾ ആ അത്ലറ്റിന് ക്ലിയർ ആയി എന്നാണ് അർത്ഥമാക്കുന്നത്. അതേസമയം വിഷയം പരിഹരിക്കാൻ ചർച്ചകൾ നടത്തുകയാണെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ആക്ടിങ് പ്രസിഡന്റ് രൺദീർ സിംഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ പ്രവർത്തക സമിതിയോഗത്തിൽ വിഷയം അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Discussion about this post