ലണ്ടൻ: ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ കയറാൻ അനുവദിക്കാതെ ഖാലിസ്ഥാൻ ഭീകരർ തടഞ്ഞ സംഭവത്തിൽ ഇടപെട്ട് ഇന്ത്യ. യുകെ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടു. യുകെയിലെ ഒരു ഗുരുദ്വാരയിലേക്കും ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി മുഴക്കിയാണ് ഖാലിസ്ഥാൻ ഭീകരർ ദൊരൈസ്വാമിയെ തടഞ്ഞത്.
വിവരം അറിഞ്ഞതിന് പിന്നാലെ സ്‌കോട്ട്‌ലൻഡ് പോലീസ് സ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് ഗുരുദ്വാര അധികൃതർ ഉറപ്പാക്കിയതായും പോലീസ് അറിയിച്ചു.ഗ്ലാസ്ഗോവിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ദൊരൈസ്വാമി ഗുരുദ്വാരയിലെ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ എത്തിയപ്പോഴായിരുന്നു സംഭവം.
ദൊരൈസ്വാമി എത്തുന്നതിന് മുന്നോടിയായി ഗുരുദ്വാര കമ്മിറ്റി അംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇത് അറിഞ്ഞ് എത്തിയ ഖാലിസ്ഥാൻ ഭീകരരാണ് അദ്ദേഹത്തെ തടഞ്ഞത്. രാജ്യത്ത് ഒരു രീതിയിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കില്ലെന്ന് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു. ഖാലിസ്ഥാൻ ഭീകരർക്കെതിരെ പോരാടാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഋഷി സുനക് വ്യക്തമാക്കിയിരുന്നു.
Leave a Comment