തിരുവനന്തപുരം: ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് കാർ വാഷിംഗ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി. ശ്രീകണ്ഠേശ്വരത്തെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപയാണ് കണ്ടെത്തിയത് എന്നാണ് വിവരം. അതേസമയം സംഭവത്തിൽ കസ്റ്റഡിയിൽ ആയവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കാർവാഷിംഗ് സെന്ററിന്റെ ഉടമയെയും മറ്റൊരാളെയുമാണ് ശ്രീകണ്ഠേശ്വരത്ത് നിന്നും പിടികൂടിയത്. ശ്രീകാര്യത്ത് നിന്നും മറ്റൊരാളും പിടിയിലായിട്ടുണ്ട്. ഇവരെയാണ് ചോദ്യം ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് പോലീസ് നൽകുന്ന വിവരം. കാർ വാഷിംഗ് കേന്ദ്രത്തിൽ നിന്നും 500 രൂപയുടെ കെട്ടുകൾ ആണ് കണ്ടെടുത്തിട്ടുള്ളത്. ഈ പണത്തിന്റെ സ്രോതസ്സ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചറിയുന്നത്. തിരുവല്ലത്തെ വർക്ക് ഷോപ്പിലും പരിശോധന നടത്താൻ പോലീസ് നീക്കം നടത്തുന്നുണ്ട്.
ആറ് വയസ്സുകാരി അബിഗേൽ സാറയെ കണ്ടെത്തുന്നതിനായുള്ള ശ്രമം പോലീസ് ഊർജ്ജിതമായി തുടരുകയാണ്. കുട്ടിയെ കാണാതെ ആയി 15 മണിക്കൂർ നേരം പിന്നിട്ടിരിക്കുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു കുട്ടിയെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.
Discussion about this post