ന്യൂഡൽഹി : വീണ്ടും ഒരു വിദേശ രാജ്യത്തെ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് നിത്യാനന്ദ. സാങ്കല്പിക രാജ്യമായ കൈലാസയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് പരാഗ്വേയിലെ സർക്കാർ ഉദ്യോഗസ്ഥനുമായി നിത്യാനന്ദ ഒരു കരാർ ഒപ്പിട്ടതാണ് വീണ്ടും ചർച്ചകൾക്ക് കാരണമാകുന്നത്. കൈലാസ ഒരു സാങ്കല്പിക രാജ്യമാണെന്ന് അറിയാതെ പരാഗ്വേ ഉദ്യോഗസ്ഥൻ ഈ കരാറിൽ ഒപ്പിടുകയായിരുന്നു. സംഭവം വിവാദമായതോടെ ഈ ഉദ്യോഗസ്ഥനെ പരാഗ്വേ സർക്കാർ പുറത്താക്കി.
മുൻപും തെക്കേ അമേരിക്കൻ രാജ്യങ്ങളെ മുതൽ ഐക്യരാഷ്ട്രസഭയെ വരെ നിത്യാനന്ദ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ട്. കൈലാസ എന്നത് ഒരു സാങ്കൽപ്പിക രാജ്യം മാത്രമാണെന്ന് വിദേശരാജ്യങ്ങളിലെ മിക്കവർക്കും അറിയില്ല എന്നുള്ളതാണ് ഇത്തരം കബളിപ്പിക്കലുകൾക്ക് കാരണമാകുന്നത്. ഇത്തരത്തിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ട് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സമിതി യോഗത്തിൽ പങ്കെടുക്കാൻ പോലും നിത്യാനന്ദക്കും സഹായികൾക്കും കഴിഞ്ഞിരുന്നു.
ഇല്ലാത്ത കൈലാസ രാജ്യവുമായി ധാരണാപത്രം ഒപ്പുവച്ചതിന്റെ പേരിൽ പരാഗ്വേയിൽ വലിയ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോലും ഈ ധാരണാപത്രം ഒപ്പുവയ്ക്കലിനെതിരെ രൂക്ഷ വിമർശനമാണ് പരാഗ്വേയിലെ ജനങ്ങൾ ഉന്നയിച്ചത്. ഒടുവിൽ സർക്കാർ തന്നെ സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ പുറത്താക്കുകയായിരുന്നു. കൈലാസ എന്ന രാജ്യത്തെപ്പറ്റി താൻ കേട്ടിട്ടില്ലെന്നും അങ്ങനെയൊരു രാജ്യം ഉണ്ടായിരിക്കാം എന്ന് വിശ്വസിച്ചു പോയതായും ഈ ഉദ്യോഗസ്ഥൻ പിന്നീട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post