ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോംഗാമെഡിയെ വെടിവച്ച് കൊലപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടംഗ സംഘമാണ് കൃത്യം നടത്തിയത്. ഇരുചക്ര വാഹനത്തിൽ എത്തിയ സംഘം സുഖ്ദേവ് സിംഗിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ വാഹനങ്ങളിൽ അവിടെ നിന്നും കടന്നു കളഞ്ഞു. വീടിന് മുൻപിൽവച്ചായിരുന്നു സംഭവം.
ശബ്ദംകേട്ട് വീട്ടുകാർ പ്രദേശവാസികളുടെ സഹായത്തോടെ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും മരിച്ചിരുന്നു. സംഭവത്തിൽ സുഖ്ദേവ് സിംഗിന്റെ സുഹൃത്ത് അജിത് സിംഗിനും സാരമായി പരിക്കേറ്റിട്ടുണ്ട്. അജിത് സിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post