ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ദയനീയമായി പരാജയപ്പെട്ട പാകിസ്താനെ ട്രോളി പ്രമുഖ ഓൺലൈൻ ഡെലിവറി ആപ്പ് ആയ ബ്ലിങ്കിറ്റ്. ടി.വി ഓർഡർ ചെയ്താൽ 10 മിനിറ്റിൽ എത്തിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് പാകിസ്താൻ ആരാധകരോട് പറഞ്ഞുകൊണ്ടുള്ള പരസ്യം സ്ഥാപിച്ചായിരുന്നു ബ്ലിങ്കിറ്റിന്റെ പരിഹാസം. പരസ്യത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ ആയിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. ബാറ്റിംഗിൽ ദയനീയ പ്രകടനം കാഴ്ചവച്ച പാകിസ്താൻ ടീമിനെ ഇന്ത്യ അനായാസം പരാജയപ്പെടുത്തി. ഇതിൽ പാകിസ്താന് സമൂഹമാദ്ധ്യമത്തിൽ വ്യാപക പരിഹാസം ആണ് ഉയരുന്നത്. ഇതിനിടെയാണ് ബ്ലിങ്കിറ്റിന്റെ പരസ്യം.
വഴിയരികിൽ ബിൽബോർഡുകൾ ആയിട്ടായിരുന്നു പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘ പാക് ആരാധകർ ക്ഷമിക്കണം. 10 മിനിറ്റിൽ തങ്ങൾക്ക് ഒരിക്കലും ടി.വി ഡെലിവറി ചെയ്യാൻ കഴിയില്ല’ എന്നാണ് പരസ്യത്തിൽ എഴുതിയിരുന്നത്. ഇതിന് പുറമേ പൊട്ടിയ ടി.വിയുടെ ചിത്രവും ഇതിനൊപ്പം ചേർത്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ വഴിയാത്രക്കാരൻ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
ഇന്ത്യയുമായി പാകിസ്താൻ ടീം പരാജയപ്പെടുന്ന സംഭവങ്ങളിൽ പാക് ആരാധകർ ടി.വി അടിച്ച് പൊട്ടിച്ച സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ബ്ലിങ്കിറ്റിന്റെ പരസ്യം.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആയിരുന്നു ഇന്ത്യ- പാക് മത്സരം നടന്നത്. 49.4 ഓവറിൽ 241 റൺസ് ആയിരുന്നു പാകിസ്താൻ നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ കേവലം 45 പന്തിൽ ഇന്ത്യ ഈ ലക്ഷ്യം മറകടക്കുകയായിരുന്നു.
Discussion about this post