പ്രാഗ് : ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്. നിരവധിപേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമിയായ യുവാവിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.
സെൻട്രൽ പ്രാഗിലെ ചാൾസ് യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് ആർട്‌സിലാണ് വെടിവയ്പ്പ് നടന്നത്. നിലവിൽ 11 പേർ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. യൂണിവേഴ്സിറ്റി കെട്ടിടം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കൂടുതൽ മരണസംഖ്യ ഉണ്ടായേക്കാം എന്നും പോലീസ് അറിയിച്ചു.
ചെക്ക് റിപ്പബ്ലിക്കിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പ്രാഗിലെ ഓൾഡ് ടൗണിന് സമീപമാണ് ചാൾസ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ആർട്‌സ് സ്ഥിതിചെയ്യുന്നത്. പ്രാഗിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള സർവ്വകലാശാലയാണ് ഇത്. വെടിവെപ്പ് നടത്താൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ആക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.








