ന്യൂഡൽഹി: കർണിസേന അദ്ധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദി വധക്കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലേയും രാജസ്ഥാനിലെയും 13 ഇടങ്ങളിൽ എൻഐഎ പരിശോധന. പരിശോധന ഇപ്പോഴും തുടരുകയാണ്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിലാണ് പരിശോധന നടക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം കഴിഞ്ഞ മാസമാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന പോലീസിന്റെ കൂടി സഹകരണത്തോടെ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. കൊലപാതകത്തിൽ ഉന്നത ഗുണ്ടാസംഘങ്ങളുടെ പങ്ക് കണക്കിലെടുത്ത് രാജസ്ഥാൻ പോലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങൾക്കകമാണ് എൻഐഎയുടെ നീക്കം.
ഡിസംബർ 5ന് ജയ്പൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് സുഖ്ദേവ് സിങ് ഗോഗമേദിയെ മുന്ന് ആക്രമികൾ വെടി വച്ച് കൊല്ലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഗുണ്ടാനേതാവ് രോഹിത് ഗോദാരാ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു.
ആക്രമണം നടത്തിയവരിൽ രോഹിത്ത് രത്തോറ നിധിൻ ഫൗജി എന്നിവരെ ഡിസംബർ 9ന് ചണ്ഡിഗഡിൽ നിന്നും പിടികൂടിയിരുന്നു. ഗോദാരയാണ് കൊലപാതകം നടത്താൻ പറഞ്ഞതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞിരുന്നു.
ഗോഗമേദിക്ക് നേരെ അജ്ഞാതർ വെടിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഗോഗമേദിയുടെയും വാതിലിനടുത്ത് നിൽക്കുന്ന മറ്റൊരാൾക്കു നേരെയും രണ്ട് ആളുകൾ ചേർന്ന് നിരവധി തവണ വെടി ഉതിർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സുഖ്ദേവ് സിങ് ഗോഗമേദി സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയും സുരക്ഷാ അംഗത്തിനും മറ്റൊരാൾക്കും പരിക്കേൽക്കുകയും ചെയ്തു.
Discussion about this post