തിരുവനന്തപുരം: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി. 65കാരനായ മുരളീധരനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിൽ വിചാരണക്കിടെ നാല് വയസുകാരിയും അമ്മയും പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. എന്നാൽ, കേസിലെ ദൃക്സാക്ഷികളുൾപ്പെടെ മൊഴിയിൽ ഉറച്ചു നിൽക്കുകയും കൂടുതൽ വിസ്താരത്തിൽ കുട്ടി സത്യം പറയുകയും ചെയ്തതോടെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2021 ജൂലൈ 21 രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പിതാവ് മറ്റൊരു കേസിൽ അറസ്റ്റിലായിരുന്നു. ഭർത്താവിനെ പുറത്തിറക്കാൻ കുഞ്ഞിന്റെ അമ്മ കുട്ടിയെ പ്രതിയുടെ വീട്ടിൽ ആക്കി പോവുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വീടിന്റെ വാതിൽ തുറന്ന് കിടന്നതിനാൽ മുന്നിൽ നിന്ന കുടുംബശ്രീ പ്രവർത്തകർ ബഹളം വച്ച് കുട്ടിയെ രക്ഷിച്ചു. ഉടനെ ഫോർട്ട് പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസിൽ ദൃക്സാക്ഷികളും കുട്ടിയുടെ അമ്മയും പ്രതിക്കെതിരെ മൊഴി നൽകിയെങ്കിലും പിന്നീട് കോടതിയിൽ അമ്മ കൂറ് മാറി. പ്രതി അങ്ങനെ ചെയ്യുന്ന ആളല്ലെന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മയുടെ നിർബന്ധത്തെ തുടർന്ന് ആദ്യം പ്രതി തന്നെ ഒന്നും ചെയ്തില്ലെന്നാണ് കുട്ടിയും മൊഴി നൽകിയത്. എന്നാൽ, പ്രോസിക്യൂഷൻ അനുവാദത്തോടെ കുട്ടിയെ ക്രോസ് വിസ്താരം പോലെ ചോദ്യം ചെയ്തപ്പോൾ, പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി കോടതിയിൽ പറയുകയായിരുന്നു. ദൃക്സാക്ഷികളായ കുടുംബശ്രീ പ്രവർത്തകർ പീഡനം കണ്ടതായി മൊഴി നൽകി. കുട്ടി പല തവണ മൊഴി മാറ്റിയതിനാൽ വിശ്വാസയോഗ്യമല്ലായെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.
Leave a Comment