എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, തിരക്കുകൾ ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സാവകാശം തേടുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ ഇഡി നോട്ടീസിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിന്റെ പേരിൽ ഒന്നര വർഷമായി ഇഡി ബുദ്ധിമുട്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നാണ് നേരത്തെ ഇഡി സമന്‍സില്‍ ആവശ്യപ്പെട്ടിരുന്നത്. അന്വേഷണവുമായി കേന്ദ്ര ഏജൻസികൾക്ക് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് ഇഡി വീണ്ടും നടപടികളുമായി മുന്നോട്ട് പോയത്.
Discussion about this post