കൊല്ലം .വൈദേശിക ആധിപത്യത്തിന്റെ നിറങ്ങൾ തുടച്ചുമാറ്റി സാമൂഹ്യനീതിയുടെയും ബഹുസ്വരതയുടെയും സ്വതന്ത്രമായ ആവിഷ്കാരത്തിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്ന് എൻ സി റ്റി ഇ ജനറൽ കൗൺസിൽ അംഗവുംഎൻ സി ഇ ആർ ടി പാഠപുസ്തക സമിതി അംഗവുമായ ജോബി ബാലകൃഷ്ണൻ.ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ല സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ഭാരതത്തിന് ഒരു വിദ്യാഭ്യാസ പാരമ്പര്യമുണ്ട്.അതിന്റെ സംസ്കാരം ഉൾക്കൊള്ളുന്ന വൈജ്ഞാനികമായ ഉൽകൃഷ്ടത ഉൾക്കൊള്ളുന്ന ഒരു പാരമ്പര്യം.എന്നാൽ ജനതയുടെ മേൽ അടിച്ചേൽപ്പിച്ച പരിഷ്കൃതം എന്ന് തോന്നിപ്പിക്കുന്ന വിദ്യാഭ്യാസ നയത്തിലൂടെ ഭാരതീയൻ അവൻറെ സ്വത്വം മറന്നിരിക്കുന്നു.വൈജ്ഞാനിക കേന്ദ്രം ആയിരുന്ന ഭാരതത്തെ തിരിച്ചു കൊണ്ടുവരാൻ അതിനുതകുന്ന ഒരു വിദ്യാഭ്യാസ നയത്തിലൂടെയേ കഴിയൂ.
മൂന്നു വയസ്സു മുതൽ വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടിയുടെ കഴിവും സ്വർഗ്ഗശേഷിയും അനുസരിച്ച് പരിശീലിപ്പിച്ച് ഉയർത്തിക്കൊണ്ടുവരാൻ ആണ് ഈ നയം ലക്ഷ്യമിടുന്നത്.മാതൃഭാഷ ബോധന മാധ്യമം ആകുന്ന ഈ സംവിധാനത്തിൽ മറ്റു ഭാഷകളും സംസ്കാരങ്ങളും അവൻ പരിചയിക്കുന്നുണ്ട്.ഓരോ പ്രദേശത്തിന്റെയും തനത് ജീവിതരീതിയും ഭാഷയും അനുസരിച്ച് കുട്ടിയുടെ ജൈവിക ചിന്തയെ ഉദ്ദീപിപ്പിച്ച് പഠനം കൂടുതൽ എളുപ്പമാക്കുന്നു.ഉയർന്ന തലങ്ങളിലേക്ക് എത്തുമ്പോഴേക്കുംകുട്ടിപ്രാഗൽഭ്യം നേടുന്ന മേഖല കൃത്യമായി തിരിച്ചറിഞ്ഞ് രാജ്യത്തിൻറെ വളർച്ചയ്ക്ക് ആ നൈപുണിയെ വിനിയോഗിക്കാൻ അവർ പ്രാപ്തരാകുന്നു.140 കോടി ജനങ്ങളുള്ള ഭാരതത്തിൽ നൂറുകണക്കിന് ഭാഷകൾ തദ്ദേശീയമായിയുണ്ട്.ഈ ഭാഷകളിൽ എല്ലാം ആവശ്യമായ പഠന സാമഗ്രികൾ വിദ്യാലയങ്ങളിൽ എത്തിക്കാൻ വേണ്ട അക്ഷീണമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.രാജ്യത്തിൻറെ ബഹുസ്വരത നിലനിർത്തണമെന്ന ഏറ്റവും അടിസ്ഥാനപരമായ കാഴ്ചപ്പാടാണിത്.എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഗ്രാമാന്തരങ്ങളിൽ ഉള്ളവർക്കും താഴെത്തട്ടിൽ ഉള്ളവർക്കും ഉൾപ്പെടെ ഏകീകൃതമായ ഒരു പഠന വിഭവം തയ്യാറായിട്ടുണ്ട്.അവിടെയാണ് സാമൂഹ്യനീതിയുടെ നടത്തിപ്പും പ്രയോഗവും സാക്ഷാത്കരിക്കപ്പെടുന്നത്.ദേശീയ വിദ്യാഭ്യാസ നയത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഇടതുപക്ഷ സർക്കാർ പ്രൈമറി തലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും അത് നടപ്പാക്കി കഴിഞ്ഞു എന്നത് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാകും.ശാല സിദ്ധിയുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങൾ പല യൂണിവേഴ്സിറ്റികളും നടപ്പാക്കിയ നാലുവർഷം ബിരുദ കോഴ്സുകൾ ഇവയൊക്കെ ഇതിന് തെളിവുകളാണ്
ഏകീകൃതമായ ഒരു പഠനബോധന ചട്ടക്കൂട് കൃത്യമായി പരിശീലനം ലഭിച്ച അധ്യാപകരിലൂടെ പകർന്നു കിട്ടുമ്പോഴാണ് വികസിത ഭാരതം എന്ന ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാൻ കഴിയുന്നത്.ലോകത്തിലെ ഏറ്റവും കൂടുതൽ യുവജനതയുള്ള രാജ്യമായ ഭാരതത്തിൻറെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ലോകം മുഴുവൻ ഉറ്റു നോക്കുന്ന നിലയിൽ എത്രയും പെട്ടെന്ന് എത്തിച്ചേരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറംകോട് ബിജു,ട്രഷറർ ആർ ഹരികൃഷ്ണൻ ,പി എസ് ശ്രീജിത്ത്,എ ജി കവിത തുടങ്ങിയവർ സംസാരിച്ചു
Discussion about this post