ഇംഫാൽ: ഇരു ഗോത്രവിഭാഗങ്ങളുടെ സംഘർഷത്തിന് സാക്ഷിയായ മണിപ്പൂർ ശാന്തമാകുന്നു. കൊള്ളയടിച്ച ആയുധങ്ങൾ കലാപകാരികൾ വ്യാപകമായി തിരികെ ഏൽപ്പിക്കുകയാണ്. വ്യാഴാഴ്ച 109 വ്യത്യസ്ത ആയുധങ്ങളാണ് സുരക്ഷാ സേനയുടെ പക്കൽ തിരികെ എത്തിയത്.
നാല് പ്രശ്‌നബാധിത ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലാണ് ആയുധങ്ങൾ വ്യാപകമായി തിരികെ എത്തുന്നത്. കങ്കപോക്പി ജില്ലയിലെ സൈക്കുൾ പോലീസ് സ്‌റ്റേഷനിൽ 9 എംഎം സിബി1എ1 പിസ്റ്റൾ, 9 എംഎം മാഗസിൻ, ഗ്രനേഡ്, തിരകൾ, വയർലസ് സെറ്റുകൾ, എന്നിവയാണ് വ്യാഴാഴ്ച തിരികെ എത്തിയത്. ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്ച്ചാവോ ഇഖായി പോലീസ് സ്റ്റേഷനിൽ എസ്ബിബിഎൽ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് തിരികെ എത്തിയത്. ഇതിന് പുറമേ ഗ്രനേഡ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുടെ ശേഖരവും കൊള്ളയടിച്ചവർ തിരികെ ഏൽപ്പിച്ചിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലും വിവിധ തരം ആയുധങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കാൻ ഗവർണർ അജയ് കുമാർ ബല്ല പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളുകൾ വ്യാപകമായി ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തോളം ആയുധങ്ങൾ തിരികെ എത്തി.
ഇതിന് പുറമേ സുരക്ഷാ സേനയുടെ പരിശോധനയും വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ഇതിലും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 70 കിലോ ഐഇഡിയാണ് സുരക്ഷാ സേന കണ്ടെടുത്തത്.
കഴിഞ്ഞ മെയിൽ ആണ് മണിപ്പൂരിൽ കുക്കി- മെയ്തി ഗോത്രവിഭാഗങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. മാസങ്ങൾ നീണ്ട് നിന്ന സംഘർഷത്തിൽ 250 ആളുകൾ ആണ് കൊല്ലപ്പെട്ടത്.
Discussion about this post