നടൻ ഗോവിന്ദ മുംബൈയിൽ നിന്ന് മത്സരിച്ചേക്കും. എൻഡിഎ സ്ഥാനാർത്ഥിയാകാൻ സാധ്യത

Published by
Brave India Desk

പ്രശസ്ത ബോളിവുഡ് നടൻ ഗോവിന്ദ രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി സൂചന. എൻഡിഎ സ്ഥാനാർത്ഥിയായി 60കാരനായ ഗോവിന്ദ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോർട്ട്. ശിവസേന ഷിൻഡെ വിഭാഗമാണ് ഗോവിന്ദയെ മത്സരിപ്പിക്കാൻ തയ്യാറെടുക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുമായി മൂന്ന് ദിവസം മുൻപ് ഗോവിന്ദ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന ടിക്കറ്റിൽ ഗോവിന്ദ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുകയും ചെയ്തു. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ശിവസേന സ്ഥാനാർത്ഥിയായി ഗോവിന്ദ എത്തുമെന്ന വാർത്ത ഇപ്പോൾ നൽകിയിരിക്കുന്നത്.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഗോവിന്ദ മത്സരിച്ച് വിജയിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും വാജ്പേയി സർക്കാരിൽ മന്ത്രിയുമായിരുന്ന രാം നായിക്കിനെയാണ് അന്ന് താരം അട്ടിമറിച്ചത്. ബോളിവുഡിലെ ജനപ്രിയ നായകൻ എന്ന വിശേഷണം ഉണ്ടായിരുന്ന ഗോവിന്ദ 2004ൽ 50,000ത്തോളം വോട്ടുകൾക്കായിരുന്നു മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്ന് ജയിച്ചത്.

സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി താരം 2008ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയ രംഗം വിടുകയായിരുന്നു. ഗോവിന്ദ് അരുൺ അഹൂജ എന്ന ഗോവിന്ദ 90കളിൽ ബോളിവുഡിൽ തരംഗം ഉണ്ടാക്കിയ നടനാണ്. ഹാസ്യത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഗോവിന്ദയുടെ നായക റോളുകൾ അക്കാലത്ത് ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

Share
Leave a Comment

Recent News