പുതുച്ചേരി : അഴുക്കുചാൽ നിർമ്മാണത്തിനിടയിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം. പുതുച്ചേരിയിലെ വസന്ത് നഗറിലാണ് സംഭവം നടന്നത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. രണ്ടു തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പുതുച്ചേരിയിലെ മരപ്പാലം പ്രദേശത്തുള്ള വസന്ത് നഗറിൽ അഴുക്കുചാൽ നിർമ്മിക്കുന്നതിനിടയിൽ സമീപത്തെ വൈദ്യുത വകുപ്പ് ഓഫീസിന്റെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളിൽ മൂന്നുപേർ സംഭവസ്ഥലത്ത് വച്ചും രണ്ടുപേർ ആശുപത്രിയിൽ വെച്ചും മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്ന 7 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
16 തൊഴിലാളികൾ ആയിരുന്നു അഴുക്കുചാൽ നിർമ്മാണത്തിനായി ഇവിടെ എത്തിയിരുന്നത്. മതിൽ ഇടിഞ്ഞു വീഴുന്നത് കണ്ട് ചില തൊഴിലാളികൾ ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും മറ്റു തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post