തൃശ്ശൂർ : ചാലക്കുടിയിൽ നഗരസഭയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന മാലിന്യ ശേഖരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കനത്ത ചൂടു മൂലമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് നിഗമനം.
ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം സ്ഥിതി ചെയ്യുന്ന നഗരസഭയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിലാണ് വൻ തീപിടുത്തം ഉണ്ടായത്. ഈ മാലിന്യ ശേഖരണ കേന്ദ്രത്തിന്റെ പിൻഭാഗത്തായി ദേശീയപാതയോട് ചേർന്ന ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീ പടർന്നത്.
കനത്ത ചൂടും കാറ്റും മൂലം തീ പെട്ടെന്ന് തന്നെ ആളിപ്പടരുകയായിരുന്നു. മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര,അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാ യൂണിറ്റുകൾ എത്തി ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.








