ജിദ്ദ : സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ശ്വാസകോശ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സൗദി വാർത്താ ഏജൻസിയായ എസ്പിഎ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഗുരുതര ശ്വാസകോശ വീക്കത്തെ തുടർന്ന് 88 വയസ്സുകാരനായ രാജാവ് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് സിഎൻഎൻ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൗദി രാജാവിന്റെ ആരോഗ്യ നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തി. അദ്ദേഹം എത്രയും പെട്ടെന്ന് പൂർണമായി സുഖം പ്രാപിക്കട്ടെ എന്ന് ഇന്ത്യയിലെ ജനങ്ങളോടൊപ്പം താനും ആശംസിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. 2015 ലാണ് അബ്ദുള്ള രാജാവിന്റെ മരണശേഷം സൗദി അറേബ്യയുടെ രാജാവായി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അധികാരമേറ്റിരുന്നത്.
സൗദി രാജാവിന്റെ ആരോഗ്യനിലയിലെ ആശങ്കയെ തുടർന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഷെഡ്യൂൾ ചെയ്തിരുന്ന ജപ്പാൻ യാത്ര നീട്ടിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഹമ്മദ് ബിൻ സൽമാന് പകരം സൗദി ഊർജ്ജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനും നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹും ആയിരിക്കും ജപ്പാൻ സന്ദർശനത്തിന് എത്തുക എന്ന് ജപ്പാനിലെ വ്യാപാര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Leave a Comment