ചെസ്സിലെ അതികായനെയും വെള്ളക്കരുക്കൾകൊണ്ട് വെട്ടിവീഴ്ത്തിയ പ്രജ്ഞാനന്ദ; അഭിമാനമാണ് ഇന്ത്യയുടെ ചുണക്കുട്ടി

Published by
Brave India Desk

18 വയസു മാത്രം പ്രായമുള്ള തന്റെ മകനെ അഭിമാനത്തോടെ നോക്കി നിൽക്കുന്ന ഒരു അമ്മയുടെ ചിത്രങ്ങൾ കഴിഞ്ഞ വർഷം നമ്മുടെയെല്ലാം സോഷ്യൽ മീഡിയപേജുകളിൽ ഒരു തവണയെങ്കിലും വന്നുപോയിക്കാണും.. ഫിഡെ ലോക കപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യയുടെ അഭിമാനം രമേഷ് പ്രഭു പ്രജ്ഞാനന്ദയുടെ അമ്മ നാഗലക്ഷ്മിയുടെ അന്നത്തെ ആ ചിത്രങ്ങൾ നാമെല്ലാവരും അഭിമാനത്തോടെ ഏറ്റൈടുത്തിരുന്നു.

അന്നാ മത്സരത്തിൽ അവൻ അവസാന ഘട്ടത്തിൽ പൊരുതി തോറ്റപ്പോൾ ആ അമ്മയ്‌ക്കൊപ്പം ഓരോ ഇന്ത്യക്കാരന്റെയും കണ്ണ് നിറഞ്ഞു.

വിശ്വോത്തര താരം വിശ്വനാഥൻ ആനന്ദിന് ശേഷം ലോകകപ്പ് ചെസ്സ് ഫൈനൽ കളിക്കുന്ന ഇന്ത്യയുടെ യുവ ചെസ്സ് താരം പ്രജ്ഞാനന്ദ അന്ന് മാഗ്നസ് കാൾസനോടാണ് അവസാന പോരാട്ടം നടത്തിയത്.

എന്നാൽ, അതേ മാഗ്നസ് കാൾസനെ നോർവേ ചെസ് ടൂർണമെന്റിൽ വെള്ളക്കരുക്കൾ കൊണ്ട് വെട്ടി വീഴ്ത്തി ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് പ്രജ്ഞാനന്ദ. ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിലായിരുന്നു സ്വന്തം നാടായ നോർവയിൽ വച്ച് തന്നെ കാൾസൻ പ്രജ്ഞാനന്ദക്ക് മുന്നിൽ മുട്ടുമടക്കിയത്. മൂന്നാം റൗണ്ട് പൂറത്തിയാകുമ്പോൾ 5.5 പോയിന്റ് കരസ്ഥമാക്കിയായിരുന്നു താരം മുന്നോട്ട് കുതിച്ചത്. ക്ലാസിക്കൽ ചെസ്സിൽ കാൾസനെ തോൽപ്പിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് പ്രജ്ഞാനന്ദ. 37 നീക്കങ്ങൾക്കൊടുവിലാണ് കാൾസനെതിരെ പ്രാഗ് ജയം നേടിയത്.

പണ്ട് പലതവണ തോൽവി ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും സാവധാന കരുക്കളുടെ ക്ലാസിക് ഗെയിംസിൽ ഇതാദ്യമായാണ് ഒരു 18 കാരന് മുൻപിൽ കാൾസൻ അടിയറവു പറയുന്നത്. ക്ലാസിക് ശൈലിയെ ആയുധമാക്കാതെ, പ്രകോപനമുണ്ടാക്കുന്ന ഒപ്പണിംഗിലൂടെ പ്രജ്ഞാനന്ദയെ ഞെട്ടിക്കാനായിരുന്നു തുടക്കത്തിൽ തന്നെ കാൾസന്റെ ശ്രമം. എന്നാൽ, പതറാത്ത കരുത്തുറ്റ നീക്കങ്ങളിലൂടെ ആ ചെറുപ്പക്കാരൻ കാൾസന് വെല്ലുവിളിയാകുകയായിരുന്നു.

ഈ മത്സരത്തിൽ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഒരു കുമ്പസാര മുറി.. കളക്കിടയിൽ അതിതീവ്ര സമ്മർദ്ദം കളിക്കാരന് കുമ്പസാര മുറിയ്ക്ക് മുന്നിൽ പോയി നിന്ന് എന്തും പറയാം.. അത് ലൈവായി ലോകത്തെ കാണിക്കും.. ഈ കളിയിൽ പ്രജ്ഞാനന്ദ നൽകിയ സമ്മർദ്ദം താങ്ങാതെ ചെസ്സ് ലോകത്തെ അതികായനായ മാഗ്നസ് കാൾസൻ രണ്ട് തവണയാണ് കുമ്പസാര മുറിയിൽ പോയത്. ഇന്ത്യയുടെ ചുണക്കുട്ടി അത്രത്തോളം കാൾസനെ വിറപ്പിച്ചെന്ന് തന്നെ പറയേണ്ടി വരും.

Share
Leave a Comment

Recent News