ബൊഗോട്ട (കൊളംബിയ):കൊളംബിയയില്‍ രണ്ടായിരത്തിലേറെ ഗര്‍ഭിണികള്‍ സിക വൈറസ് ബാധിതരാണെന്ന് കണ്ടെത്തി. 2,116 ഗര്‍ഭിണികള്‍ ഉള്‍പ്പടെ രാജ്യത്ത് 20,297പേര് സിക വൈറസ് ബാധിതരാണെന്നാണ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു.
ഇതോടെ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക വൈറസ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായി കൊളംബിയ മാറി. ബ്രസീലില്‍ പതിനഞ്ച് ലക്ഷത്തോളം പേരില്‍ ഇതിനോടകം വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
ബ്രസീലിന്റെ അതേ അവസ്ഥയിലേക്ക് തന്നെയാണ് ഇപ്പോള്‍ കൊളംബിയയും നീങ്ങുന്നത്. ഈ വര്‍ഷം ആറ് ലക്ഷം പേരിലെങ്കിലും സിക വൈറസെത്തുമെന്ന് കൊളംബിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാനും സിക വൈറസ് പരുത്തുന്ന ഏഡിസ് ഈജിപ്റ്റി കൊതുകുകളെ ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ അടുത്ത ആറ് എട്ട് മാസത്തേക്ക് ഗര്‍ഭധാരണം നീട്ടിവെയ്ക്കണമെന്ന് രാജ്യത്തെ വനിതകളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സാധാരണഗതില്‍ സിക വൈറസ് ബാധിക്കുന്നത് അത്ര വലിയ പ്രശ്നമല്ല. എന്നാല്‍, ഗര്‍ഭിണികളെ ബാധിക്കുന്നത് ജനനവൈകല്യമുള്ള കുഞ്ഞുങ്ങളുടെ പിറവിക്ക് കാരണമാകും. ഇതാണ് സിക വൈറസ് ഭീതി പരത്താന്‍ കാരണം.
ഗര്ഭസ്ഥശിശുകളുടെ തലച്ചോറിനെയാണ് സിക വൈറസ് ബാധിക്കുക. ഈ വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ ജന്മം നല്‍കുക തലച്ചോറിന് ന്യൂനതകളുള്ള കുട്ടികളെയാവും. കഴിഞ്ഞ ഒക്ടോബറിന് ശേഷം ബ്രസീലില്‍ സാധാരണയിലും ചെറിയ ശിരസ്സുള്ള 4000 കുഞ്ഞുങ്ങളാണ് പിറന്നത്. സാധരണഗതിയില്‍ ഇത്തരം 200 ല്‍ താഴെ കുട്ടികളാണ് ഈ സമയത്തിനിടെ പിറക്കുന്നത്.
തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അതിവേഗം സിക വൈറസ് പരക്കുന്നതായും, ഈ വര്‍ഷം മുപ്പത് ലക്ഷം മുതല്‍ നാല്‍പ്പത് ലക്ഷം പേരില്‍ വരെ രോഗം പടര്‍ന്നേക്കാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post