തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി പണം തട്ടി മുങ്ങിയ കൊല്ലം സ്വദേശിനി ധന്യ മോഹനായി വലവിരിച്ച് പോലീസ്. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി ധന്യയ്ക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇവർ അസിസ്റ്റന്റ് ജനറൽ മാനേജറായി ജോലി ചെയ്തിരുന്ന വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. 18 വർത്തോളമായി ധന്യ ഇവിടെ ജോലി ചെയ്യുന്നു. 5 വർഷം കൊണ്ട് 20 കോടി രൂപയാണ് ധന്യ തട്ടിയെടുത്തതെന്ന് എസ്പി നവനീത് ശർമ പറഞ്ഞു.
ഡിജിറ്റൽ ഇടപാടിലൂടെയാണ് ഇവർ തട്ടിപ്പ് നടത്തിയത്. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെടുകയായിരുന്നു.
ഏഴംഗ സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലത്തെ വീടും പൂട്ടിക്കിടക്കുകയാണ്. പൂട്ട് തകർത്ത് അകത്ത് കടന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ബന്ധുക്കളും ഒളിവിൽ പോയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇവർക്കെതിരെ സ്ഥാപനം പരാതി നൽകിയത്. തുടർന്നാണ് ഇവരെ കാണാതായത്.
Discussion about this post