ഇരിങ്ങാലക്കുടയിൽ നിന്നും പൊന്നാനി വഴി തിരൂരിൽ എത്തുന്ന ഒരു റെയിൽപാത ലക്ഷ്യം ; റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി

Published by
Brave India Desk

പാലക്കാട്‌ : ഗുരുവായൂർ-പൊന്നാനി-കുറ്റിപ്പുറം റെയിൽപാതയ്ക്ക് ബദൽ നിർദ്ദേശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിൽ നിന്നും പൊന്നാനി വഴി തിരൂരിൽ എത്തുന്ന ഒരു റെയിൽപാത എന്ന ബദൽ നിർദ്ദേശമാണ് സുരേഷ് ഗോപി മുന്നോട്ടുവച്ചത്. ഇതിനായി കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് തൂത്തുക്കുടി വരെ നീട്ടിയ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നടത്തി സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി പുതിയ റെയിൽപാത എന്ന ആശയം മുന്നോട്ടുവെച്ചത്. പെട്രോളിയം, ടൂറിസം മന്ത്രി എന്ന നിലയിൽ മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നതിനാൽ ജനങ്ങളുടെ ആവശ്യം റെയിൽവേ മന്ത്രിയുമായി സംസാരിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ആലപ്പുഴ ലൈൻ വന്നതുപോലെ ഒരു പുതിയ ലൈൻ വരണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ എംപി എന്ന നിലയ്ക്ക് തനിക്ക് വലിയ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന് ചടങ്ങിൽ സുരേഷ് ഗോപി അറിയിച്ചു. ഇക്കാര്യത്താൽ തന്നെ തൃശൂരിന്റെ മാത്രം എംപി എന്ന നിലയിൽ ഒതുങ്ങി കഴിയാനാവില്ല. കേരളത്തിലെ ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായ ഗരീബ് രഥ്‌ ഓണക്കാലത്ത് ഓട്ടം അവസാനിപ്പിക്കരുത് എന്ന ആവശ്യവും റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി അറിയിച്ചു. കേരളത്തിൽ റെയിൽ വേയുമായി ബന്ധപ്പെട്ട കൂടുതൽ വികസനങ്ങൾ നടക്കാത്തതിന്റെ പ്രധാനകാരണം സ്ഥലം ലഭ്യമല്ല എന്നുള്ളതാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Share
Leave a Comment

Recent News