തിരുവനന്തപുരം: മധ്യപ്രദേശിനും രാജസ്ഥാനും മുകളിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെയോട് കൂടെ തെക്കൻ രാജസ്ഥാനും ഗുജറാത്തിനും മുകളിൽ വീണ്ടും അതിതീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ച് സൗരാഷ്ട്രയിലെ കച്ച് തീരത്തിനു സമീപം അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്.
Discussion about this post