ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ എടിഎം കാർഡ് വിവരങ്ങൾ സേവ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണിയാകും എന്ന് മുന്നറിയിപ്പ്. ഇ-കൊമേഴ്സ് ഇടപാടുകൾക്കായി നടപ്പിലാക്കിയ ക്രെഡിറ്റ് /ഡെബിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സംവിധാനം വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്നതായാണ് പരാതികൾ ഉയരുന്നത്. ടോക്കണൈസ്ഡ് കാർഡുകൾ ആണെങ്കിൽ കാർഡിന് പുറകിലുള്ള മൂന്നക്ക നമ്പർ ആയ സിവിവി ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ നടത്താൻ കഴിയും എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ചില ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ തെറ്റായ സിവിവി നൽകിയിട്ടും പണമിടപാട് നടത്താൻ കഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ അനുവദിച്ച ബാങ്കുകളിലേക്ക് ഇത് സംബന്ധിച്ച് പരാതികൾ വന്നപ്പോഴാണ് ടോക്കണൈസ്ഡ് കാർഡുകൾക്ക് സിവിവി ആവശ്യമില്ലെന്ന മറുപടി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതോടെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ എടിഎം കാർഡ് വിവരങ്ങൾ നൽകിയിരിക്കുന്നവർ ആശങ്കയിൽ ആയിരിക്കുകയാണ്.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഇടയ്ക്കിടയ്ക്ക് ഇടപാടുകൾ നടത്തുന്നവർക്ക് എളുപ്പത്തിനായാണ് കാർഡുകളുടെ വിവരങ്ങൾ സേവ് ചെയ്യുന്നത്. ഓരോ തവണയും കാർഡിലെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്. ഇങ്ങനെ വിവരങ്ങൾ നൽകുന്നതിന് കാർഡ് അനുവദിച്ച ബാങ്കുകൾ ആണ് ടോക്കണൈസേഷൻ നടത്തുന്നത്. കാർഡിലെ യഥാർത്ഥ വിവരങ്ങൾക്ക് പകരം ബാങ്കുകൾ നൽകുന്ന ടോക്കണിലെ വിവരങ്ങൾ ആയിരിക്കും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ രേഖപ്പെടുത്തുക. എന്നാൽ ടോക്കണൈസ്ഡ് കാർഡുകളിൽ സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ട എന്നാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്. ബാങ്കിൽ നിന്നും മൊബൈലിലേക്ക് നൽകുന്ന ഒടിപി നൽകിയാൽ മാത്രമേ ഇടപാടുകൾ പൂർത്തീകരിക്കാൻ കഴിയുള്ളൂ എന്നുമാണ് ഇക്കാര്യത്തിൽ ബാങ്കുകൾ അറിയിക്കുന്നത്.
Discussion about this post