ഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ സി.പി.എം പോളിറ്റ്ബ്യൂറോക്കു പിറകെ കേന്ദ്ര കമ്മിറ്റിയിലും എതിര്‍പ്പ് രൂക്ഷം. സഖ്യത്തെ സംബന്ധിച്ച് ഇന്നു തീരുമാനം ഉണ്ടാകും. ഇന്നലെ രാവിലെ തുടങ്ങിയ കേന്ദ്രകമ്മിറ്റി രാത്രി ഒമ്പതുവരെ നീണ്ടു. 91 അംഗ കമ്മിറ്റിയില്‍ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ആദ്യദിനം സംസാരിച്ച 54 പേരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തു. ഇനി 12 പേരാണ് സംസാരിക്കാനുള്ളത്.
അതേസമയം, ചില സീറ്റുകളിലെങ്കിലും ധാരണ എന്ന നിര്‍ദേശം അംഗീകരിപ്പിക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാള്‍ ഘടകവും ശ്രമം തുടങ്ങി. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തോമസ് ഐസക്കും ഒഴികെ കേരളത്തില്‍ നിന്നു സംസാരിച്ചവരെല്ലാം കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തിരുന്നു.
കേരളം, അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് സംസാരിച്ചവര്‍ സഖ്യത്തെ എതിര്‍ത്തു. എന്നാല്‍, സഖ്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചുവരാനാകില്ലെന്ന് ബംഗാളില്‍ നിന്നു സംസാരിച്ച ഗൗതംദേവ് ചൂണ്ടിക്കാട്ടി. എന്നാല്‍ സഖ്യമുണ്ടാക്കിയാല്‍ കേരളത്തില്‍ വലിയ തിരിച്ചടിയാകുമെന്ന് എ.വിജയരാഘവന് പറഞ്ഞു.
കോണ്‍ഗ്രസ് സഖ്യം വേണമെന്നാവശ്യപ്പെട്ട് സി.പി.എം ബംഗാള്‍ ഘടകം പ്രമേയം പാസാക്കിയിരുന്നു. വിഷയം പോളിറ്റ്ബ്യൂറോയില്‍ ചര്‍ച്ച ചെയ്തശേഷമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് വിട്ടത്.
Discussion about this post