ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ സന്ദർശനം നടത്തും. തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി 1,300 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 23 പുതിയ പദ്ധതികളാണ് മോദി തന്റെ ലോക്സഭാ മണ്ഡലത്തിലേക്ക് എത്തിക്കുന്നത്.
ക്ഷേത്രനഗരിയായ വാരണാസിയിലെ അടിസ്ഥാന സൗകര്യങ്ങൾ, വികസനം, പൊതു സേവനങ്ങൾ എന്നിവ വർദ്ധിപ്പിക്കുകയാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി 23 പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് വാരണാസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ സ്ഥിരീകരിച്ചു. വാരണാസി, ചന്ദൗലി ജില്ലകളിലൂടെ ഗംഗാ നദിക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ റെയിൽ-റോഡ് പാലം ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് ഞായറാഴ്ച പ്രധാനമന്ത്രി തുടക്കമിടുന്നത്.
ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ എയർപോർട്ട് റൺവേയുടെ വിപുലീകരണവും പുതിയ ടെർമിനൽ കെട്ടിടത്തിൻ്റെ നിർമ്മാണവും ഈ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്. ‘ഖേലോ ഇന്ത്യ’ സ്കീമിനും സ്മാർട്ട് സിറ്റി മിഷനും കീഴിൽ 210 കോടിയിലധികം രൂപ ചിലവിൽ പൂർത്തിയാക്കിയ വാരണാസി സ്‌പോർട്‌സ് കോംപ്ലക്‌സിൻ്റെ പുനർവികസനത്തിൻ്റെ 2, 3 ഘട്ടങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
ലാൽപൂരിലെ ഡോ ഭീംറാവു അംബേദ്കർ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ നിർമ്മിച്ചിട്ടുള്ള 100 കിടക്കകളുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലിന്റെയും പൊതു പവലിയന്റെയും സമർപ്പണം, സാരാനാഥിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ടൂറിസം പദ്ധതികൾ,ബാണാസൂർ ക്ഷേത്രം, ഗുരുധാം ക്ഷേത്രം എന്നിവിടങ്ങളിലെ ടൂറിസം വികസനം എന്നീ പദ്ധതികളുടെ സമർപ്പണവും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
Leave a Comment