തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ ‘ദന’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു എന്ന് വെളിപ്പെടുത്തി കേന്ദ്ര കാലാവസ്ഥാ വിഭാഗം. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതുകൊണ്ടുതന്നെ കേരളത്തിന് ‘ദന’ വലിയ ഭീഷണി ആകില്ലെന്നാണ് സൂചന. എന്നാൽ കേരളത്തിൽ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തുലാ വർഷം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് കേന്ദ്ര കാലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചത് . നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
അതിനിടെ കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post