മൈസൂരു: കേക്കില്‍ ചേര്‍ക്കാനായി വെച്ചിരുന്ന എസന്‍സ് ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അമിത അളവില്‍ കുടിച്ച മൂന്ന് തടവുകാര്‍ മരിച്ചു. മൈസൂരു സെന്‍ട്രല്‍ ജയിലിലെ ബേക്കറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തടവുകാര്‍ക്കാണ് ദാരുണാന്ത്യം. ഗുണ്ടില്‍ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗല്‍ സ്വദേശി നാഗരാജ (32), സകലേഷ്പൂര്‍ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്.
ജയിലിലെ ബേക്കറിയില്‍ ക്രിസ്തുമസിന് ലഭിച്ച ബള്‍ക്ക് ഓര്‍ഡര്‍ തയ്യാറാക്കുന്നതിന് വാങ്ങിയ എസന്‍സാണ് ഇവര്‍ കുടിച്ചത്. ഡിസംബര്‍ 26ന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുന്നതായി ഇവര്‍ പരാതിപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സകള്‍ ജയിലില്‍ തന്നെ നല്കിയ ശേഷം കെ ആര് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ കേക്ക് എസന്‍സ് കഴിച്ച കാര്യമൊന്നും ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് ആശുപത്രിയില്‍ കാണാനെത്തിയ കുടുംബാംഗങ്ങളോടാണ് ഇവര്‍ കേക്ക് എസന്‍സ് അമിത അളവില്‍ കഴിച്ച കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ ചികിത്സയില്‍ മാറ്റം വരുത്തിയെങ്കിലും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ഡി പൊലീസ് കേസ് എടുത്തു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് വിശദമാക്കി. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളികളാണ് മാദേശയും നാഗരാജയും. അതേസമയം പീഡനക്കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു രമേഷ്.
Discussion about this post