ന്യൂയോർക്ക്: ലോസ് ഏഞ്ചൽസിൽ കാട്ടു തീ പടരുന്നതിനിടെ മുന്നറിയിപ്പുമായി ഗവേഷകർ. കാലാവസ്ഥാ മാറ്റം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന്റെ സൂചനയാണ് കാട്ടുതീ എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാലാവസ്ഥാ മാറ്റം നിയന്ത്രണവിധേയം ആക്കിയില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ പതിവാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷത്തിൽ ഈർപ്പം കുറഞ്ഞതും ചൂട് വർദ്ധിച്ചതുമാണ് ലോസ് ഏഞ്ചൽസിലെ കാട്ടുതീയ്ക്ക് കാരണം ആയത് എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറത്തുവരുന്നത്.
ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ വർഷം ആയിരുന്നു 2024 എന്നാണ് യൂറോപ്യൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നത്. ആഗോള അന്തരീക്ഷ താപനിലയിൽ 1.6 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായി. ആദ്യമായിട്ടാണ് ഇത്രയേറെ ചൂടിൽ വർദ്ധനവ് ഉണ്ടാകുന്നത്. 1.6 ഡിഗ്രി എന്നത് അപകടനിലയാണെന്നും ഏജൻസി വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ താപനിലയിൽ ഒരു അണുഇട വ്യത്യാസം ഉണ്ടായാൽ പോലും അത് ഭൂമിയെ സാരമായി തന്നെ ബാധിക്കുമെന്ന് ഏജൻസിയുടെ റിപ്പോർട്ടിനെ ഉദ്ദരിച്ച് ലണ്ടനിലെ ക്ലൈമറ്റ് പ്രൊഫസറായ ജിയോരി റോസെൽജും വ്യക്തമാക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു. ജൂണിലെ ആഗോളതാപനിലയിൽ റെക്കോർഡ് വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്. ഇതിന്റെ പരിണിതഫലമായിരുന്നു അമേരിക്കയിൽ തുടർച്ചയായി വീശിയ ചുഴലിക്കാറ്റുകൾ. സ്‌പെയിനിലെ വെള്ളപ്പൊക്കം, ആമസോൺ നദിയിലെ വരൾച്ച എന്നിവയെല്ലാം ഇതിന്റെ അനന്തരഫലമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post