കല്‍പ്പറ്റ: വിവരാവകാശ നിയമം സര്‍ക്കാരിലേക്ക് പണം വരുത്താനുള്ള മാര്‍ഗമെന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ കാണരുതെന്ന് വിവരാവകാശ കമ്മീഷണര്‍ അബ്ദുള്‍ ഹക്കീം. വിവരം നല്കാന് ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ അവ നല്‍കാത്ത സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ സംരംഭങ്ങളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി രേഖകള്‍ പിടിച്ചെടുക്കണം. വിവരാവകാശ അപേക്ഷകളില്‍ 30 ദിവസം കഴിഞ്ഞ് മറുപടി നല്കിയാല് മതിയെന്ന ധാരണ തെറ്റാണ്. ജീവനും സ്വാതന്ത്ര്യവുമായി ബന്ധമുണ്ടെങ്കില്‍ വിവരം 48 മണിക്കുറിനകം നല്‍കണം. മറ്റ് അപേക്ഷകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിലെ മുഴുവന്‍ കാര്യങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തു നല്‍കേണ്ടതില്ല. വിവരങ്ങള്‍ വിലക്കപ്പെട്ടവയും നിയന്ത്രിക്കപ്പെട്ടവയുമുണ്ട്. അവകൂടി പരിഗണിച്ചുവേണം വിവരാധികാരികള്‍ പ്രവര്‍ത്തിക്കാന്‍. അതേസമയം ഏത് സര്‍ക്കാര്‍ ഓഫീസിലെയും ഫയലുകള്‍ പരിശോധിക്കാന്‍ പൗരന് അവകാശമുണ്ട്.
വിവരാവകാശ നിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ഇടപെടല്‍ നടത്തണം. സാധാരണക്കാരന്റെ പ്രശ്ന പരിഹാരത്തിനുള്ള പ്രഥമ മാര്‍ഗ്ഗമാണ് വിവരാവകാശ നിയമ പ്രകാരമുള്ള ആവശ്യപ്പെടല്‍. വിവരാവകാശ നിയമത്തിന്റെ പ്രയോക്താക്കള്‍ പൊതുജനങ്ങളാണ്. ഭരണത്തിന്റെ ചാലകശക്തികളെ നിയന്ത്രിക്കാന്‍ പൗരന് സാധിക്കുമെന്നും വിവരാവകാശ നിയമ പ്രകാരം പൗരന് അപേക്ഷ നല്കിയാല് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ മറുപടി നല്‍കണം.
വിവരാവകാശ നിയമം സെക്ഷന്‍ 31 പ്രകാരം അപേക്ഷകന് വിവരം നിഷേധിച്ചാലും തെറ്റായ വിവരം നല്കിയാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ പരിശീലനത്തില്‍ അറിയിച്ചു.
Discussion about this post