ഗുരുകുലത്തിന്റെ പടികടന്ന് വരുന്ന ഏതൊരാളെയും വരവേൽക്കുന്നത് നാഗലിംഗപൂക്കളുടെ മനംമയക്കുന്ന സുഗന്ധമാണ്. നടപ്പാതയ്ക്ക് ഇരുവശങ്ങളിലായി തണലൊരുക്കുന്ന ശിംശിബ വൃക്ഷവും അശോകവും മുൻപരിചയമുണ്ടെന്നത് പോലെ നമ്മളെ നോക്കി തലയാട്ടും. ഈ യാത്ര പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതി സ്നേഹിയുടെ പച്ചത്തുരുത്തിലേക്ക് ആണ്.
പേര് സൂചിപ്പിക്കുന്നത് പോലെ ഈ വീട് ഒരു ഗുരുകുലം തന്നെയാണ്. ഇവിടെയെത്തുന്ന ഓരോരുത്തരും പുരുഷോത്തമ കമ്മത്തിന് മുൻപിൽ ശിഷ്യന്മാരാണ്. ഔഷധ സസ്യങ്ങളെയും മരങ്ങളെയും കുറിച്ച് അനേകായിരം ചോദ്യങ്ങളായിരിക്കും ഉള്ളിൽ ഉയരുക. ശരീരത്തിൽ തട്ടിയാൽ രണ്ട് മാസം പനിച്ച് കിടക്കുന്ന ആന വിരട്ടിയെയും സൈനഡിനോളം വിഷമുള്ള വിഷച്ചെടിയെയും സൂക്ഷിക്കണമെന്ന് കമ്മത്ത് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ചോദ്യങ്ങളും ഉത്തരങ്ങളും. അപ്പോഴും കാടറിഞ്ഞുള്ള ഈ യാത്ര പൂർണമാകില്ല.
സ്വദേശിയും വിദേശിയും ഉൾപ്പെടെയുള്ള മൂവായിരത്തോളം ഔഷധ സസ്യങ്ങൾ ഈ രണ്ടേക്കാർ ഭൂമിയിൽ വളർന്ന് നിൽക്കുന്നു. ഇവയുടെ തലയ്ക്ക് മുകളിലായി വൻ മരങ്ങൾ കുട തീർത്തിരിക്കുന്നു. ഇവയിലുമുണ്ട് വിദേശികൾ. അണലിവേഗം, കമണ്ഡലു, ബ്രൗണിയ, ഭൂതംകൊല്ലി, ആനത്തൊണ്ടി എന്നിങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഔഷധ മരങ്ങളും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.
നാഗവള്ളി, വള്ളി മുള, വള്ളി പ്ലാശ് എന്നിവ പോലുള്ള വ്യത്യസ്തയിനം വള്ളിച്ചെടികളുമുണ്ട് ഈക്കൂട്ടത്തിൽ . നക്ഷത്രവൃക്ഷങ്ങൾ ഇവിടുത്തെ മുഖ്യ ആകർഷണം ആണ്. രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധ സസ്യങ്ങളുടെ അപൂർവ്വ ശേഖരം തന്നെ ഇവിടെയുണ്ട്. മുഖക്കുരു മുതൽ ക്യാൻസർ വരെ മാറ്റുന്നതിനുള്ള ഔഷധ സസ്യങ്ങളാണ് ഇവിടെ വളർന്ന് നിൽക്കുന്നത്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നീ ജിവിത ശൈലി രോഗങ്ങളെ വിരട്ടിയോടിക്കുന്ന ഔഷധ സസ്യങ്ങൾ ഇവിടെ ആരോഗ്യത്തോടെ പന്തലിച്ച് നിൽക്കുന്നു. അപൂർവ്വയിനം ഔഷധ സസ്യങ്ങളെ തേടിയെത്തുന്ന ആരെയും പുരുഷോത്തമ കമ്മത്ത് നിരാശപ്പെടുത്താറില്ല. ആരും ഇവിടെ നിന്ന് വെറുംകയ്യോടെ മടങ്ങാറുമില്ല.
ഫലവൃക്ഷങ്ങളും ഇവിടെ എണ്ണത്തിൽ മത്സരിക്കുന്നുണ്ട്. വിവിധയിനം പ്ലാവും മാവുമുൾപ്പെടെ മുന്നൂറോളം ഇനങ്ങൾ. ഫലങ്ങളെത്ര കായ്ച്ച് നിന്നാലും അതിലൊന്നും ഈ പരിപാലകന് അവകാശമില്ലെന്നതാണ് വാസ്തവം. കായ്കൾ പഴുത്തു തുടങ്ങുമ്പോൾ മുതൽ കുയിലുകളും കിളികളും ഇവിടെ താവളമുറപ്പിക്കും. വെള്ളിമൂങ്ങയും ഇവിടുത്തെ താമസക്കാരനാണ്. എല്ലാവരും കഴിച്ച് ബാക്കിയുണ്ടെങ്കിൽ മാത്രമേ പുരുഷോത്തമ കമ്മത്ത് അതിന്റെ രുചിയറിയൂ.
വീടിന് പുറകിലായി ഒരു കുളമുണ്ട്. ആമകളുടെയും മീനുകളുടെയും സൈ്വര്യവിഹാര കേന്ദ്രം. കുളത്തിനോട് ചേർന്ന് വെച്ചൂർപശുവിനും സ്ഥാനമുണ്ട്. വരുന്നവരോടെല്ലാം മിണ്ടിപറയാൻ വർണ തത്തകളും കൂട്ടിനുണ്ട്.
കൃഷിക്കാരനായ അച്ഛനിൽ നിന്നാണ് ചെടികളോടും മരങ്ങളോടുമുള്ള സ്നേഹം പുരുഷോത്തമ കമ്മത്തിന് പകർന്ന് കിട്ടിയത്. ബാല്യകാലത്ത് ചെടികൾ നട്ടുനനച്ച് ആ സ്നേഹത്തെ കമ്മത്ത് താലോലിച്ച് വളർത്തി. യൗവ്വനത്തിലെപ്പൊഴോ തന്റെ നിയോഗം തിരിച്ചറിഞ്ഞ് അപൂർവ്വമായ ഔഷധസസ്യങ്ങളെ തേടി കമ്മത് യാത്ര ആരംഭിച്ചു.
ഇന്നത് എത്തിനിൽക്കുന്ന ആയിരക്കണക്കിന് ഒഷധ്യസസ്യങ്ങൾ വളർന്ന് നിൽക്കുന്ന ആലുങ്കൽ ഫാംസിലാണ്. മുഴുവൻ സമയവും പ്രകൃതിയെ പരിപാലിക്കാനായി ഇറങ്ങിത്തിരിച്ച പുരുഷോത്തമ കമ്മത്ത് അങ്ങനെ സ്വയം ഒരു കാടായി മാറി.
ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ പുരുഷോത്തമ കമ്മത്ത് കാനറ ബാങ്കിലെ മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് മണ്ണിലേക്ക് ഇറങ്ങിയത്. രണ്ടേക്കർ ഭൂമിയിൽ കാടൊരുക്കാനുള്ള ശ്രമത്തിൽ ഏറെ പ്രതിസന്ധികളും നേരിട്ടു. എന്നാൽ ഇതൊന്നും അദ്ദേഹത്തെ ഒരു ചുവട് പോലും പിന്നോട്ട് വലിച്ചില്ല. പുതിയ സസ്യങ്ങൾ തേടി അദ്ദേഹം യാത്ര തുടർന്നു.
ഹോർത്തൂസ് മലബാറിക്കസ് എന്ന വിഖ്യാത ഗ്രന്ഥത്തിലെ ചെടികൾ മുഴുവൻ നട്ടുവവളർത്താനുള്ള സപര്യയിലാണിപ്പോൾ പുരുഷോത്തമ കമ്മത്ത്. ഇനിയും ഈ മണ്ണിലേക്ക് ചെടികളുടെ വേരുകൾ ആഴ്ന്നിറങ്ങണമെന്ന സ്വപ്നവുമായി പുരുഷോത്തമ കമ്മെത്തന്ന വൻ വൃക്ഷം തലപൊക്കി നിൽക്കുകയാണ് ഗുരുകുലത്തിൽ.
Discussion about this post