സാധാരണക്കാർക്ക് വമ്പൻ ലോട്ടറി; 12 ലക്ഷം വരെ ആദായനികുതി ഇളവ്; സ്ലാബുകളിലും മാറ്റങ്ങളേറെ

Published by
Brave India Desk

ന്യൂഡൽഹി; സാധാരണക്കാർക്ക് വമ്പൻ ആശ്വാസമേകി കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങൾ. ആദായനികുതി പരിധി ഉയർത്തിയാണ് കേന്ദ്രസർക്കാർ സാധാരണക്കാർക്കൊപ്പമെന്ന നയം ഉറപ്പിച്ചത്. 12 ലക്ഷം വരെ ഇനി രാജ്യത്ത് ആദായ നികുതി ഉണ്ടാവില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റിൽ പ്രഖ്യാപനം ഉണ്ടായി.

റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക. ഇതോടെ 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാനാവും. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.

പുതിയ സ്ലാബ് ഇങ്ങനെ

0-4 ലക്ഷംവരെ നികുതി ഇല്ല

4-8 ലക്ഷം- അഞ്ച് ശതമാനം നികുതി

8-12 ലക്ഷം- 10 ശതമാനം നികുതി

12-16 ലക്ഷം -15 ശതമാനം നികുതി

16-20 ലക്ഷം വരെ 20 ശതമാനം നികുതി

20-24 ലക്ഷം- 25 ശതമാനം നികുതി

25ന് മുകളില്‍ 30 ശതമാനം നികുതി

ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബില്ല് അടുത്താഴ്ച പാർലമെൻറിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

മദ്ധ്യവർഗ കേന്ദ്രീകൃതമായ പരിഷ്‌ക്കാരമാണ് നികുതി നിയമത്തിൽ കൊണ്ടുവരിക. നവീകരിച്ച ഇൻകംടാക്‌സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കിയതായും മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തിയതായും മന്ത്രി അറിയിച്ചു. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ധനമന്ത്രി പാർലമെൻറിൽ അറിയിച്ചു

Share
Leave a Comment

Recent News