നിയോഗം പൂർത്തിയാക്കി, ഇനി ജല സമാധി ; മഹന്ത് ആചാര്യ സത്യേന്ദ്ര ദാസിന് സരയു നദിയിൽ അന്ത്യവിശ്രമം ; 20 വയസുമുതൽ രാമനായി സമർപ്പിച്ച ജീവിതം

Published by
Brave India Desk

ത്രേതായുഗത്തിൽ ആഞ്ജനേയൻ തന്റെ ജീവിതം ഭഗവാൻ ശ്രീരാമനായി പൂർണ്ണമായും സമർപ്പിച്ചു. കലിയുഗത്തിലും ശ്രീരാമ പൂജയ്ക്കായി നിയോഗിക്കപ്പെട്ട ഒരു വ്യക്തി ഉണ്ടായിരുന്നു. ആ പുണ്യ ജന്മം നിയോഗിക്കപ്പെട്ട കർമ്മങ്ങളെല്ലാം നിറവേറ്റിയ ശേഷം മാഘ പൂർണ്ണിമ ദിനമായ ഇന്ന് ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. മഹന്ത് ആചാര്യ സത്യേന്ദ്ര ദാസ് ! ഒരു ജീവിതം മുഴുവൻ ശ്രീരാമ പൂജയ്ക്കായി മാറ്റിവെച്ച്, ഭാരത ജനതയുടെ കലിയുഗ ദുരിതങ്ങൾ തീർക്കാനായി രാംലല്ലയെ ഭക്തർക്കായി സമർപ്പിച്ച് അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ്. ഭഗവാൻ ശ്രീരാമന്റെ പാദാരവിന്ദങ്ങളിൽ ചേരുന്നതിനു മുൻപായി ആചാര്യ സത്യേന്ദ്ര ദാസ് ഈ ഭൂമിയിൽ നിർവഹിച്ച കർമ്മങ്ങൾ അവിസ്മരണീയമാണ്.

ഇരുപതാം വയസ്സുമുതൽ തന്റെ ജീവിതം ആത്മീയ പാതയിലേക്ക് സമർപ്പിച്ച ശ്രേഷ്ഠ വ്യക്തിയാണ് അദ്ദേഹം. നിർവാണ അഖാരയിലെ അംഗമായിരുന്നു ആചാര്യ സത്യേന്ദ്ര ദാസ്. അധിനിവേശ ശക്തികൾ തകർത്ത ശ്രീരാമ സ്വഗൃഹത്തെ വീണ്ടെടുക്കാൻ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി ചെറുപ്പം മുതലേ അദ്ദേഹം പ്രവർത്തിച്ചുവന്നു. ഒരു പുരോഹിത കുടുംബത്തിൽ ജനിച്ചു വളർന്ന ആചാര്യ സത്യേന്ദ്ര ദാസ് പരമ്പരാഗത വേദഗ്രന്ഥങ്ങളിലും ആചാരങ്ങളിലും പരിശീലനം നേടിയിരുന്നു. അധിനിവേശ ശക്തികൾ കെട്ടിപ്പൊക്കിയ മന്ദിരത്തിൽ നിന്നും കണ്ടെത്തിയ ഭഗവാൻ ശ്രീരാമനെ പതിറ്റാണ്ടുകളോളം പൂജിക്കാൻ നിയോഗിക്കപ്പെട്ടത് സത്യേന്ദ്ര ദാസ് ആയിരുന്നു. ഒടുവിൽ ശ്രീരാമ ഭക്തരുടെ പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തിന്റെ ഫലമായി അയോധ്യയിൽ രാമ ജന്മഭൂമി ക്ഷേത്രം ഉയർന്നപ്പോൾ രാമലല്ലയുടെ പ്രതിഷ്ഠ ചടങ്ങിന് മുഖ്യ കാർമികത്വം വഹിക്കുന്നതിനും സത്യേന്ദ്ര ദാസ് തന്നെ നേതൃത്വം നൽകി.

കുട്ടിക്കാലം മുതൽ തന്നെ മതപരമായ ആചാരങ്ങളിലും വേദഗ്രന്ഥങ്ങളിലും സത്യേന്ദ്ര ദാസിന് വലിയ അറിവും കൂടുതൽ പഠിക്കാനുള്ള താല്പര്യവും സഹജമായി ഉണ്ടായിരുന്നു. ഗുരുവായ മഹന്ത് അഭിരാം ദാസാണ് അദ്ദേഹത്തെ പുരോഹിതനാകാൻ പ്രേരിപ്പിച്ചത്. 1975-ൽ സംസ്കൃത വിദ്യാലയത്തിൽ നിന്ന് ആചാര്യ പാസായ സത്യേന്ദ്ര ദാസ് 1976-ൽ സംസ്കൃത കോളേജിലെ വ്യാകരണ വിഭാഗത്തിൽ അസിസ്റ്റന്റ് അധ്യാപകനായി ജോലി നേടി. എന്നാൽ ജോലിയോടൊപ്പം അദ്ദേഹം രാമജന്മഭൂമി സന്ദർശിക്കുകയും ആരാധനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. 1992-ൽ അദ്ദേഹം രാമജന്മഭൂമിയിലെ മുഖ്യപുരോഹിതനായി നിയമിക്കപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് നേതാവും അന്നത്തെ വിഎച്ച്പി മേധാവിയുമായ അശോക് സിംഗാൾ, ബിജെപി എംപി വിനയ് കത്യാർ എന്നിവരായിരുന്നു ആചാര്യ സത്യേന്ദ്ര ദാസിനെ ഭഗവാൻ ശ്രീരാമന്റെ മുഖ്യപുരോഹിതനായി തിരഞ്ഞെടുത്തത്. 1992 മാർച്ച് 1 മുതൽ ഇന്നുവരെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായിരുന്നു ആചാര്യ സത്യേന്ദ്ര ദാസ്. ഭഗവാൻ ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും സേവനവും നന്നായി തിരിച്ചറിഞ്ഞിരുന്നതിനാൽ തന്നെ ഭരണകൂടം വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ ഉള്ളപ്പോഴും അദ്ദേഹത്തെ മുഖ്യ പുരോഹിത സ്ഥാനത്തു നിന്നും മാറ്റിയിരുന്നില്ല.

കലി യുഗത്തിൽ ഭഗവാൻ ശ്രീരാമൻ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് എല്ലാം സാക്ഷിയായിരുന്നു ആചാര്യ സത്യേന്ദ്ര ദാസ്. അയോധ്യയിലെ ഒരു ചെറിയ കൂടാരത്തിനുള്ളിൽ ചൂടും മഴയും തണുപ്പും സഹിച്ചിരുന്ന രാംലല്ലയെ കണ്ട് പലപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നതായി അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. അന്നെല്ലാം വർഷത്തിൽ ഒരു സെറ്റ് പുതുവസ്ത്രം മാത്രമായിരുന്നു രാംലല്ലയ്ക്ക് ലഭിച്ചിരുന്നത്. ആചാര അനുഷ്ഠാനങ്ങളോ പ്രാർത്ഥനകളോ നടത്തണമെങ്കിൽ ഭരണകൂടത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങണമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ആ കണ്ണീരിന് അറുതി വന്നത് അയോധ്യയിൽ രാമ ജന്മഭൂമി ക്ഷേത്രം പൂർത്തിയാക്കി രാംലല്ലയെ സ്വഗൃഹത്തിൽ കുടിയിരുത്തിയപ്പോഴാണ്. അന്നും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ശ്രീരാമ പട്ടാഭിഷേകം ദർശിച്ചതിന്റെ ആനന്ദാശ്രുക്കളായിരുന്നു അത്.

ഒടുവിൽ 85 വർഷക്കാലം നീണ്ടുനിന്ന തന്റെ ജീവിതം ശ്രീരാമപാദങ്ങളിൽ സമർപ്പിച്ച് ബുധനാഴ്ച രാവിലെ ആചാര്യ സത്യേന്ദ്ര ദാസ് വിടവാങ്ങി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ലഖ്‌നൗവിലെ പിജിഐയിൽ വച്ച് രാവിലെ 8 മണിയോടെ ആണ് അദ്ദേഹം അന്തരിച്ചത്. തുടർന്ന് അയോധ്യയിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തിന്റെ മൃതദേഹം ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി ഗോപാൽ മന്ദിറിൽ പൊതുദർശനത്തിന് വെച്ചു. അന്ത്യകർമങ്ങൾ ഫെബ്രുവരി 13ന് അയോധ്യയിലെ സരയു നദിയിൽ നടക്കും. രാമാനന്ദി വിഭാഗത്തിന്റെ പാരമ്പര്യമനുസരിച്ച് മഹന്ത് ആചാര്യ സത്യേന്ദ്ര ദാസിന് സരയൂ നദിയിൽ ജലസമാധിയാണ് ഒരുക്കിയിരിക്കുന്നത്.

Share
Leave a Comment

Recent News