ജയ്പൂർ : ജിമ്മിൽ പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ ദേശീയ ചാമ്പ്യൻ കൂടിയായ വനിതാ പവർ ലിഫ്റ്റർ യാഷ്ടിക ആചാര്യ മരിച്ചു. 270 കിലോഗ്രാം ഭാരം ദേഹത്തേക്ക് വീണ് യാഷ്ടികയുടെ കഴുത്ത് ഒടിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബിക്കാനീറിലെ ആചാര്യ ചൗക്ക് പ്രദേശത്ത് നിന്നുമുള്ള ഭാരോദ്വഹക ആണ് യാഷ്ടിക ആചാര്യ. ദേശീയതലത്തിൽ സ്വർണ മെഡൽ നേടിയ താരമാണ്. ബഡാ ഗണേഷ് ജി ക്ഷേത്രത്തിനടുത്തുള്ള ഒരു സ്വകാര്യ ജിമ്മിൽ പരിശീലനം നടത്തുന്നതിനിടയിൽ ആണ് അപകടം സംഭവിച്ചത്. ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ എക്വിപ്പെഡ് വിഭാഗത്തിൽ സ്വർണ്ണ മെഡലും ക്ലാസിക് വിഭാഗത്തിൽ വെള്ളി മെഡലും നേടി ശ്രദ്ധ നേടിയ താരമാണ് യാഷ്ടിക.
അടുത്തിടെ രാജസ്ഥാൻ സ്റ്റേറ്റ് പവർലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 29-ാമത് രാജസ്ഥാൻ സ്റ്റേറ്റ് സബ്-ജൂനിയർ ആൻഡ് സീനിയർ മെൻ ആൻഡ് വുമൺ എക്വിപ്പ്ഡ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിലും യാഷ്ടിക സ്വർണ്ണ മെഡൽ നേടിയിരുന്നു. കായികതാരത്തിന്റെ മരണത്തിൽ രാജസ്ഥാൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post