ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി.
എട്ട് പേരാണ് ടണലില്‍ കുടുങ്ങിയിരിക്കുന്നത്. ഇന്നലെ തുരങ്ക പദ്ധതിയുടെ മുകള്ഭാഗം ഇടിഞ്ഞ് വീണാണ് അപകടം നടന്നത്. ദൗത്യം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇന്നലെ ഇടിഞ്ഞത്. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു.
Discussion about this post